മലപ്പുറം: എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷവിമർശനം. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. നോക്കിയാൽ എന്തൊരു സമാധാനമാണ്. പോലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.
വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു. പോലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്.
സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ മൂന്നു വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പോലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പോലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെയും വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?
അൻവർ ഫോൺ ചോർത്തിയതിനു കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്.
പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി.ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ലെന്നും അൻവർ പറഞ്ഞു.
വൻ ജനാവലിയാണ് അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെത്തിയത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിച്ചേർന്നിട്ടുളളത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്.