ഭൂമിയുടെ ആകർഷണവലയത്തിൽ ഒരു കുഞ്ഞിചന്ദ്രൻ കുറച്ചുകാലത്തേക്ക് വന്നു ചേർന്നിരിക്കുകയാണ്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാം ചന്ദ്രൻ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. 2021 സെപ്റ്റംബറിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു നീങ്ങുന്നതായി കണ്ടെത്തിയ തിളക്കമേറിയ ബഹിരാകാശവസ്തുവിനെ ലോകം അങ്ങനെയാണു വിളിച്ചത്. ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്.രാജ്യാന്തര ബഹിരാകാശ രംഗത്തെ മുടിചൂടാമന്നൻമാരായ നാസ ഇതിന് ‘2020 എസ്ഒ’ എന്ന പുതിയ പേരു നൽകി. നിരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.ഭൂമിയെ സമീപിക്കുന്ന വസ്തു ഛിന്നഗ്രഹമോ മറ്റ് ബഹിരാകാശ വസ്തുവോ അല്ലെന്ന് ഇതിനിടയ്ക്ക് ശാസ്ത്രജ്ഞർക്ക് മനസ്സിലായി.കാരണം അതിന്റെ ചലനത്തിലെ പ്രത്യേകതയായിരുന്നു.
കടുപ്പമേറിയ ഛിന്നഗ്രഹങ്ങളും മറ്റും പ്രത്യേകരീതിയിലാണ് ചലിക്കുന്നത്.എന്നാൽ രണ്ടാംചന്ദ്രനെന്നു വിളിക്കപ്പെട്ട എസ്ഒ 2020 നീങ്ങുന്നത് പൊള്ളയായ ഒരു വസ്തുവിനെ പോലെയായിരുന്നു.ബഹിരാകാശത്തിലെ സാഹചര്യങ്ങൾ മൂലം ധാരാളം പതർച്ചകൾ ഇതിന് ഏറ്റിരുന്നു.ഛിന്നഗ്രഹമോ വാൽനക്ഷത്രമോ സഞ്ചരിക്കുന്ന തീവ്രമായ വേഗതയിലായിരുന്നില്ല രണ്ടാംചന്ദ്രന്റെ സഞ്ചാരം.വളരെ പതുക്കെയായിരുന്നു ഇത്.പിന്നെ എന്താണ് ഇത്? ഒടുവിൽ നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി.നിരീക്ഷണത്തിൽ ഒരു കാര്യം തെളിഞ്ഞു.ഈ ബഹിരാകാശ വസ്തു നിർമിച്ചിരിക്കുന്നത് കല്ലും പാറയുമൊന്നും കൊണ്ടല്ല, മറിച്ച് നല്ല ഒന്നാന്തരം സ്റ്റീലുകൊണ്ടാണ്.അതിനർഥം:ഇതൊരു മനുഷ്യനിർമിത വസ്തുവാണെന്നാണ്. 966ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്.ബഹിരാകാശത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ഭാഗം 54 വർഷങ്ങൾക്കു ശേഷം ഭൂമിക്കരികിലെത്തിയതാണ്.
നാസയുടെ ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനകേന്ദ്രത്തിന്റെ ഡയറക്ടർ പോൾ ചോഡസാണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചത്.തുടർന്ന് ഇന്ത്യൻ വംശജനായ വിഷ്ണു റെഡ്ഡിയുടെ നേതൃത്വത്തിൽ അരിസോണ സർവകലാശാല സംഘം നടത്തിയ പഠനത്തിൽ ഇതു ശരിയാണെന്നു തെളിഞ്ഞു.അന്നത്തെ റോക്കറ്റിന്റെ ഭാഗം വേർപെട്ട ശേഷം സൂര്യനു ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലെ ഒരു ഭ്രമണപഥത്തിൽ എത്തിയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.അതു ഭൂമിക്കു സമീപമെത്തുകയും ഭൂമിയുടെ ഗുരുത്വബലം ഇതിനെ ഇങ്ങോട്ട് ആകർഷിച്ച് കുറച്ചു മാസങ്ങളിൽ നിലനിർത്തുകയായിരുന്നു, ഒരു ചെറിയ ചന്ദ്രനെപ്പോലെ. പിന്നീട് ഇത് ഭൗമമേഖലയോട് വിടപറഞ്ഞു.ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യത്തെക്കുറിച്ചുള്ള അവബോധം കൂടിയാണ് ഈ സംഭവം നൽകിയത്.ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്.ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.
STORY HIGHLLIGHTS: second-moon-space-junk-mystery