നിലമ്പൂർ: ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പൊലീസിനുമെതിരായ വിമർശനം തുടർന്ന് പി.വി അൻവർ എംഎൽഎ. താൻ സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ലെന്നും ജനങ്ങൾ പാർട്ടിയായാൽ കൂടെയുണ്ടാകുമെന്നും അൻവർ പറഞ്ഞു.
‘എൻ്റെ കക്കാടംപൊയിലിലെ പാർക്കിൻ്റെ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനം നടത്തി, പാർക്ക് നിൽക്കുന്നത് ദുരന്ത സാധ്യതയുള്ള പ്രദേശത്തല്ല എന്ന് റിപ്പോർട്ട് നൽകി. അതിനാൽ പാർക്ക് പ്രവർത്തിപ്പിക്കുന്നതിൽ ഒരു തടസവുമില്ല.
പക്ഷേ അവിടെ മതിലുകൾ കെട്ടണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഐടിയിലെ എൻജിനീയർമാർ നൽകിയ പ്ലാൻ മുഖ്യമന്ത്രിക്ക് നൽകിയിട്ട് ഒരാഴ്ചയായി. ആ ഘട്ടത്തിലാണ് ജനങ്ങൾക്ക് വേണ്ടി ഇക്കാര്യങ്ങൾ ഞാൻ വിളിച്ചുപറയുന്നത്.’- അൻവർ പറഞ്ഞു.
‘എവിടെയെങ്കിലും വെടിയേറ്റ് ഞാൻ വീണേക്കാം, ഞാൻ ജയിലിൽ പോയേക്കാം. പക്ഷെ നിങ്ങൾ പിന്തിരിയരുത്. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണമെന്നും യുവാക്കൾ പോരാട്ടം തുടരണ’മെന്നും അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും അൻവർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാടുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. പിണറായിയെ വിശ്വസിച്ചു. അദ്ദേഹത്തെ പിതൃസ്ഥാനത്താണ് കണ്ടത്. എന്നാൽ പൊലീസിനും സ്വർണക്കടത്തിനും എതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിച്ചെന്നും അൻവർ തുറന്നടിച്ചു.
സ്വർണക്കടത്തുകാർക്കും പൊലീസിലെ സ്വർണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ടുനിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിയും പൊലീസും അനങ്ങിയില്ല. മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടുംകൽപിച്ച് ഇറങ്ങുകയായിരുന്നുവെന്നും അൻവർ പറഞ്ഞു. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ രേഖകൾ നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. എ.ഡി.ജി.പിയെ വെച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.