മലപ്പുറം: സിപിഎം പ്രവർത്തകർ നടത്തിയ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും അൻവർ പറഞ്ഞു. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പി.വി അൻവർ വിശദീകരണ യോഗത്തിൽ സംസാരിച്ചത്.
“എന്നെ എംഎൽഎ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട. വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്”, അദ്ദേഹം പറഞ്ഞു.
മാമി കേസ് എന്താണ് തെളിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പോലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും.
മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും അമ്പത് ലക്ഷം വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അത് നിന്നത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ചികിത്സാ ചെലവ് ഇനത്തില്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു പണവും കൈപ്പറ്റിയിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. മുഖ്യന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍, സിപിഎം നേതൃത്വം എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അന്‍വര്‍ ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് അന്‍വറും പ്രതിരോധിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു.