കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപ്പറന്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിക്ക് 11 ലക്ഷം രൂപയാണ് നഷ്ടമായത്.
സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിങ് ചീഫ് ആണെന്ന് പറഞ്ഞാണ് പ്രകാശ് ഈരപ്പ സോഷ്യൽ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശിയെ പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ വിശ്വാസത ആർജ്ജിച്ചു. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ പല ഘട്ടങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് പതിനൊന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പു സംഘം പണം നിക്ഷേപിച്ചയാളെ ബ്ലോക്ക് ചെയ്തു. വാട്സ് അപ്പ് കോൾ വഴിയാണ് ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നത്.
തുടർന്നാണ് പണം നഷ്ടപ്പെട്ട വിവരം മനസിലാക്കി പോലീസിൽ പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിടിയിലായ പ്രതി ഇത്തരത്തിൽ സമാനമായ തട്ടിപ്പ് നടത്തി കൂടുതൽ പേരിൽ നിന്ന് പണം തട്ടിയോയെന്ന് അന്വേഷിക്കുകയാണ്.