Kerala

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; പുനഃസ്ഥാപിച്ചത് മൂന്ന് മണിക്കൂറിന് ശേഷം, അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ രോ​ഗികൾ ദുരിതത്തിലായി. മൂന്ന് മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്.

രോ​ഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നത്. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയതെന്നാണ് സുപ്രണ്ട് പറഞ്ഞത്. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചത്.

വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

വൈദ്യുതി മുടങ്ങിയത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. പിഡബ്ലു ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ് വൈദ്യുതി പുന: സ്ഥാപിക്കാനുള്ള ചുമതല. HT കണക്ഷന്‍ ലൈവാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെ എസ് ഇ ബി സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തിയിരുന്നു.