ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദൈന്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. പിന്നീട് നോവ സദൂയിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്.
82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. അഷീര്‍ അക്തര്‍ ചുവപ്പ് കാര്‍ഡോടെ പുറത്തായിരുന്നു.
ആദ്യപകുതിയിലുടനീളം കളിയുടെ കടിഞ്ഞാണ്‍ നോര്‍ത്ത് ഈസ്റ്റ് ഏറ്റെടുത്തു. പതിവുപോലെ ജിതിന്‍ എം.എസ് നോര്‍ത്ത് ഈസ്റ്റിനായി മൈതാനം നിറഞ്ഞുകളിച്ചു. ജിതിനും അലാദിന്‍ അജാരെയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു.
58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. അജാരെയുടെ അത്ര അപകടമല്ലാതിരുന്ന ഫ്രീ കിക്കില്‍ നിന്ന് പന്ത് പിടിക്കാന്‍ ശ്രമിച്ച സച്ചിന്റെ കൈയില്‍ നിന്ന് വഴുതി പന്ത് ഗോള്‍വര കടക്കുകയായിരുന്നു.
തുടര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. അതിന്റെ ഫലം 67-ാം മിനിറ്റില്‍ കാണുകയും ചെയ്തു. സദൂയി ബോക്‌സിന് പുറത്ത് തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ വലയില്‍ തുളച്ചുകയറി. സ്‌കോര്‍ 1-1.
സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതായി. ഇത്രയും തന്നെ പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്.