Kerala

കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയ ഉത്തരവ് | Kerala Gets 177 Megawatt Power Boost to Beat Summer Electricity Crisis

തിരുവനന്തപുരം: കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ഉത്തരവിട്ടു. നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) ബാർഹ് 1, 2 നിലയങ്ങളിൽ നിന്ന് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കും.

വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെ 177 മെഗാവാട്ട് ലഭ്യമാക്കുന്നത്. വേനൽക്കാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് യൂണിറ്റിന് 5 രൂപയിൽ താഴെ നിരക്കിലാണ് ഈ വൈദ്യുതി ലഭിക്കുക. ഈ സമയത്ത് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നു ലഭിക്കുന്നതിന്റെ പകുതിയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നതാണു നേട്ടം.

ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി 7.50 രൂപയാണ് വില. വൈദ്യുതി ആവശ്യകത കൂടിയ ഏപ്രിൽ, മേയ് മാസങ്ങളിലും ജൂണിലും ഈ വൈദ്യുതി അനുവദിക്കണമെന്നും കെഎസ്ഇബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദേശ പ്രകാരം കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറിയെയും ജോയിന്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ പ്രതിസന്ധി വിശദീകരിക്കുകയും കത്തുകൾ അയയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് അനുകൂല നടപടിയുണ്ടായത്.