കീവ്: യുക്രെയ്ൻ ആക്രമണത്തിനയച്ച 125 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾഗോഗ്രാഡിൽ മാത്രം 67 ഡ്രോണുകൾ വീഴ്ത്തി. വൊറോണസ് മേഖലയിൽ 17 എണ്ണവും റോസ്റ്റോവിൽ 18 എണ്ണവും വീഴ്ത്തി. വെടിവച്ചിട്ട ഡ്രോണുകൾ പലയിടത്തും തീപിടിത്തത്തിനു കാരണമായി.
2022 ൽ റഷ്യ അധിനിവേശം നടത്തിയശേഷം യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ആക്രണണങ്ങളിലൊന്നായിരുന്നു ഇതെന്ന് റഷ്യ അറിയിച്ചു. കിഴക്കൻ യുക്രെയ്നിൽ ലുഹാൻസ്ക് മേഖലയിലെ മകീവ്ക ജനവാസകേന്ദ്രത്തിന്റെ നിയന്ത്രണം പിടിച്ചതായും അറിയിച്ചു. ഇതേസമയം, യുക്രെയ്നിലെ സാപൊറീഷ്യ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 16 പേർക്കു പരുക്കേറ്റു. റോഡുകളും റെയിൽപാതകളും ബോംബിങ്ങിൽ തകർന്നതിനാൽ ഗതാഗതം തകരാറിലായി. റഷ്യ 22 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായും ഇതിൽ 15 എണ്ണം വെടിവച്ചിട്ടതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.