Kerala

മറക്കില്ല!! “മനാഫ്” ആര് മറന്നാലും; അത് വെറുമൊരു കമന്റ്‌ മാത്രമായിരുന്നില്ല!!

പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാൻ തോന്നിയില്ല. പോയിട്ടുമില്ല. ഞാൻ ആദ്യമേ പറയുന്നുണ്ട് വണ്ടിയിൽ അവനുണ്ടെന്ന്. അതിപ്പോൾ എന്തായാലും ശരിയായില്ലേ’-

മനുഷ്യർ എത്ര നിസഹായരാണ്.. എന്നാൽ ആ നിസഹായതയുടെ മുഖത്തിന് അർജുന്റെ ലോറി മുതലാളി മനാഫ് എന്ന മനുഷ്യനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഓരോരുത്തരുടെയും മനസ്സിൽ . അദ്ദേഹം പറഞ്ഞ വാക്കുകളാണ് മുകളിൽ. കർണാടകയിലെ ഷിരൂരിലെ കാണാതായ ലോറിയിൽ നിന്ന് ഗംഗവാലി

പുഴയിൽ നിന്ന് 72-ദിവസത്തിന് ശേഷം ലോറിയും അതിൽ നിന്നും ഒരു മനുഷ്യ ശരീരവും കണ്ടെത്തി. അത് അർജുന്റെതാണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. എന്നാൽ ആ 72 ദിവസം താൻ അനുഭവിച്ചു തീർത്ത അവസ്ഥയെകുറിച്ച് സംസാരിക്കുകയാണ് മനാഫ്. സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിച്ചിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ലോറി ഉടമ മനാഫ് അര്‍ജുനായി പോരാടിയത്. ആ സമയത്ത് ഒരുപാട് മെസ്സേജുകളും കമന്റുകളും വന്നിരുന്നു. എന്നാൽ അതിൽ തന്റെ ഉറക്കം കെടുത്തിയ ഒരു മെസേജ് ഉണ്ടായിരുന്നു..

 

” അർജുൻ പറയുകയാണ് ഞാൻ എത്ര ദിവസമായി, ഏഴു ദിവസമായി എട്ടു ദിവസമായി എന്നെ ആരും അറിയില്ല ഞാൻ ഇതിന്റെ ഉള്ളിലുള്ളത് മറന്നു പോയോ. പക്ഷേ ആര് മറന്നാലും മനാഫ് മറക്കില്ല. എന്നായിരുന്നു ആ മെസ്സേജ്… ”

മനുഷ്യന് ചില പോയിന്റുണ്ട് അവിടെ തൊട്ടാൽ മനുഷ്യൻ പൊട്ടി തെറിച്ച് പോകും. അങ്ങനെ ഒരു കമെന്റ് ആയിരുന്നു അത്. ആ രംഗം ഒന്ന് കളിച്ചു കൂട്ടിയത് എനിക്കേ അറിയൂ.

 

72 ദിവസത്തിന് ശേഷം അർജുനെ കിട്ടിയപ്പോൾ ഒരു നാട് മുഴുവൻ കരഞ്ഞു. എന്നാൽ അത്രയും നാളിൽ കരഞ്ഞു തീർക്കാത്ത പകലോ രാത്രിയോ മനാഫിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും അതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും ഒരു മുതലാളിക്ക് തൊഴിലാളിയോടുള്ള ബന്ധമായിരുന്നില്ല അർജുനോട് മനാഫിനുണ്ടായിരുന്നത്. അവന്റെ അച്ഛന് കൊടുത്ത ഒരു വാക്കുണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. അച്ഛനോടാണ് എനിക്ക് പറയാനുള്ളത്. മകനെ വീട്ടിലെത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചു- ലോറിയും ശരീരവും കിട്ടിയപ്പോൾ മനാഫ് വൈകാരികമായി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയ വസ്തുക്കൾ അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ലെന്ന് മനാഫ് വ്യക്തമാക്കിയിരുന്നു. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചശേഷമാണ് മനാഫ് പ്രതികരിച്ചത്. ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ ഇടക്കാലത്ത് അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു.

ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്നം. പിന്നീട്, കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കർണാടക സർക്കാരാണ് വഹിക്കുക.

ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെയെന്ന്‌ കൂടി മനാഫ് പറഞ്ഞിരുന്നു.  ‘തനിക്കെതിരെ നിരവധി വ്യാജവാർത്തകളാണ്‌ സോഷ്യൽ മീഡിയയിൽ പരന്നത്‌. ലോറിയിൽ രഹസ്യ അറ ഉണ്ടായിരുന്നു. ഈ അറയിൽ ചന്ദനത്തടികളും, ലഹരി വസ്‌തുക്കളും ഉണ്ടായതിനാലാണ്‌ താൻ ലോറി തിരയാൻ ആവശ്യപ്പെട്ടത്‌ എന്ന്‌ തരത്തിലുള്ള ചർച്ചകൾ വരെ ഉണ്ടായി. ഇതിനെല്ലാമുള്ള ഉത്തരമാണ്‌ ഇപ്പോൾ ഈ കാണുന്നതെന്നും’ മനാഫ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

അതേ അയാൾ ഒരു മനുഷ്യനായിരുന്നു തന്റെ കൂടെയുള്ളവരെ മനുഷ്യനായി കാണാൻ സാധിക്കുന്നൊരു മനുഷ്യൻ.