കൊച്ചി / തിരുവനന്തപുരം: മിശ്രവിവാഹത്തിൽ ഏർപ്പെടുന്ന ജീവനക്കാരുടെ വിവാഹച്ചിലവുകൾ ഏറ്റെടുക്കുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ഏകലോക ദർശനത്തോടെ ജാതീയമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം ചിന്തിയ്ക്കുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനത്തിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയും ആയ സർ സോഹൻ റോയ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള വിവാഹവുമായി ബന്ധപ്പെട്ടുള്ള അവധിക്ക് പുറമേ 14 ദിവസത്തെ അവധി കൂടി ലഭിക്കും. കമ്പനി ഷെയർ റിസർവേഷൻ, ട്രാൻസ്ഫറിനുള്ള മുൻഗണന എന്നിങ്ങനെയുള്ള കമ്പനിയുടെ വിവിധ നയങ്ങളിലും മിശ്രവിവാഹത്തിൽ ഏർപ്പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകും. ജാതിരഹിത ചിന്തകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, സ്ഥാപനത്തിലെ ജീവനക്കാർ പേരിനോടൊപ്പം അവരുടെ ജാതിവാൽ ഒഴിവാക്കണം എന്ന നിർദ്ദേശവും ഏരീസ് ഗ്രൂപ്പ് നേരത്തെ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം.
സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ്പുകൾക്കും ഈ തീരുമാനം ബാധകമാകും. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഇത്തരം വിപ്ലവകരമായിട്ടുള്ള പ്രഖ്യാപനങ്ങൾ മുൻപും ഏരീസ് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം, വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങൾ, അവയവ ദാനം, ആർത്തവ അവധി , ബേബി കെയർ അലവൻസ് തുടങ്ങിയവയെല്ലാം ജീവനക്കാർക്കും ഏരീസ് കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതികളിൽ ചിലതാണ്