ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ഈ രംഗത്തെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ സംഘടനയില്‍ നിരവധി വനിതാ അംഗങ്ങളുണ്ട് അവര്‍ക്ക് പരാതി നല്‍കുന്നിനായി ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിനെ ഫിലിം ചേംബര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് ഫെഫ്ക ഉയര്‍ത്തുന്ന ചോദ്യം.
എന്നാല്‍ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള മേല്‍നോട്ട ചുമതല ഫിലിം ചേംബറിനാണ് നല്‍കിയിരിക്കുന്നത്. ഇനിനായി ഒമ്പതംഗ ഐസിസി രൂപീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിനിമ മേഖലയിലെ തന്നെ സംഘടനയായ ഫെഫ്ക മറ്റൊരു ടോള്‍ ഫ്രീ നമ്പര്‍ നല്‍കി പരാതികള്‍ സ്വീകരിക്കുന്നത് ശരിയല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മന്ത്രി സജി ചെറഹിയാനും വനിതാ കമ്മീഷനും ഫിലിം ചേംബര്‍ പരാതി നല്‍കിയിരിക്കുന്നത്. ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഫെഫ്കയ്‌ക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബര്‍ പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പുറത്തിറക്കിയത്. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ഈ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാമെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു.