തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ നടത്തിയ 6 അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ വലിയ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്‌സിനും, മുതിര്‍ന്നവരിലുള്ള വെന്‍ട്രികുലാര്‍ സെഫ്റ്റല്‍ ഡിഫക്ടിനും ഹൃദയത്തിന്റെ അറകളില്‍ ഉണ്ടാകുന്ന വീക്കമായ ഏട്രിയല്‍ സെപ്റ്റല്‍ അനൂറിസത്തിനും മുതിര്‍ന്നവരിലുള്ള വാല്‍വ് ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന പാരാ വാല്‍വുലാര്‍ ലീക്കിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഫലപ്രദമായ ചികിത്സ നല്‍കി രോഗമുക്തരായി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതാദ്യമായാണ് ഈ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. 28 വയസ് മുതല്‍ 57 വയസ് വരെയുള്ള 6 പേര്‍ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയകള്‍ നടത്തിയത്. അതി സങ്കീര്‍ണത നിറഞ്ഞ ഈ ശസ്ത്രക്രിയകള്‍ക്ക് 4 മുതല്‍ 5 ലക്ഷം രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ചെലവ് വരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ പൂര്‍ണമായും സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ഇത് നിര്‍വഹിച്ചത്.
മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ് , പ്രൊഫസര്‍മാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ പ്രവീണ്‍ വേലപ്പന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ ശോഭ, ഡോ അരുണ്‍, ഡോ മിന്റു, ശ്രീചിത്രയിലെ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ കൃഷ്ണമൂര്‍ത്തി, ഡോ ബിജുലാല്‍, ഡോക്ടര്‍ ദീപ, ഡോ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. നഴ്‌സിംഗ് ഓഫീസര്‍മാരായ സൂസന്‍, ദിവ്യ, വിജി, കവിതാ കുമാരി, പ്രിയ രവീന്ദ്രന്‍, ആനന്ദ് എന്നിവരോടൊപ്പം കാര്‍ഡിയോ വാസ്‌ക്യുലാര്‍ ടെക്‌നോളജിസ്റ്റുകളായ പ്രജീഷ്, കിഷോര്‍, അസിം, അമല്‍, നേഹ, കൃഷ്ണപ്രിയ എന്നിവരും ശസ്ത്രക്രിയകളിൽ പങ്കാളികളായി.