ന്യൂഡൽഹി: ലൈംഗികപീഡന പരാതിയിൽ നടൻ സിദ്ദീഖിന് സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ദീഖിന്റെ ഹരജിയിൽ സുപ്രിംകോടതിയുടെ വിധി പകർപ്പ് പുറത്തുവന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിചാരണക്കോടതി ജാമ്യം നല്കി വിട്ടയക്കണം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടുതൽ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.
സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന് എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.
അന്വേഷണവുമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് വിളിക്കുന്ന സമയത്ത് ഹാജരാകണമെന്നുമാണ് ഉപാധി. സുപ്രിംകോടതി സിദ്ദീഖിൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു. ലൈംഗികപീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്.
തനിക്ക് 67 വയസായെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിർത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നൽകാൻ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.