തിരുവനന്തപുരം: മലപ്പുറത്തെ സ്വര്‍ണക്കടത്തും, ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമർശനമുന്നയിക്കുന്നത്.
അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ സ്വര്‍ണക്കടത്ത്, ഹവാല വേട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് രംഗത്തെത്തി. മുഖ്യന്ത്രിയുടെ പരാമർശം മലപ്പുറം ഫോബിയയെന്ന് പികെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. കരിപ്പൂർ എയർപോർട്ടിലെ മുഴുവൻ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.