കൊച്ചി: നടൻ സിദ്ദിഖ് പ്രത്യേകാന്വേഷണ സംഘത്തിനുമുന്നിൽ ഉടൻ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനായ രാമൻപിള്ള. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ പ്രതികരിച്ചു. തിരുവനന്തപുരത്തുവെച്ച് പ്രത്യേകാന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് സാധ്യത.
ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നീക്കമെന്നുമാണ് അഭിഭാഷകൻ വ്യക്തമാക്കുന്നത്.
ഉപാധികൾ അനുസരിച്ചാണ് സുപ്രീം കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
വിചാരണ കോടതി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനം എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. കേസിൽ കക്ഷിചേരാൻ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.