കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാമി തിരോധാനക്കേസിൽ ഒരു ചുക്കും നടക്കില്ല. കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് എക്സൈസിലേക്ക് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും കത്ത് കൊടുത്തിട്ട് ഒന്നും ഉണ്ടായില്ല.
നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ എഡിഡജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പോലീസിലെ ക്രിമിനൽ വത്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും അൻവർ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ വൻജനാവലിയാണ് പി.വി. അൻവറിനെ കേൾക്കാനെത്തിയത്. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലും വലിയ ജനാവലി എത്തിയിരുന്നു.