യാത്ര പോകുമ്പോൾ സാധാരണയായി സഞ്ചാരികൾ അന്വേഷിക്കുക പേരുകേട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. എന്നാൽ ഹിന്റർലൻഡ് എന്നൊരു സങ്കൽപമുണ്ട്. അതായത്, എല്ലാവരുമറിയുന്ന കാഴ്ചകൾക്കുമപ്പുറം നിഗൂഢമായ, അധികം ആളുകൾ കാണാത്ത, അറിയാത്ത മറ്റൊരിടം. ജർമൻ സങ്കൽപമാണത്. പ്രധാന പ്രദേശങ്ങൾക്ക് പിന്നിലുള്ള മറ്റൊരിടം എന്നതാണ് അവർ അതുകൊണ്ടു ഉദ്ദേശിക്കുന്നതും. ഗോവയിൽ ഇത്തരത്തിലൊരു ഹിന്റർലൻഡുണ്ട്. ഗോവയുടെ മാത്രം രഹസ്യമാണിത്, പടിഞ്ഞാറൻ മലയിടുക്കുകളുടെ ഭംഗിയും കാടും പുഴയും ഒത്തൊരുമിക്കുന്ന ഈ സ്ഥലം അതിമനോഹരമാണ്.
ഗോവയിലെ ഹിന്റർലൻഡ്
ഒരു നാടിന്റെ യഥാർഥ ആത്മാവിനെ കണ്ടെത്തണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയാണ് നടക്കേണ്ടത്. അവിടെയാണ് തനത് മനുഷ്യരുടെ സംസ്കാരവും ജീവിത ശൈലിയും കണ്ടെത്താനാവുക, ആ നാടിന്റെ സ്പന്ദനങ്ങൾ ആഴത്തിൽ ഉൾക്കൊള്ളാനാവുക. പൊതുവേ നാഗരികർ ഒരൊറ്റ സംസ്കാരത്തിലൂന്നി ജീവിക്കുന്നവരല്ല, പല നാടുകളിൽനിന്നു വന്ന പലതരം സംസ്കാരങ്ങളുമായി ജീവിക്കുന്നവരാണ്. എന്നാൽ ഗ്രാമങ്ങൾ ആ നാട് എന്താണെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് യഥാർഥ ഗോവയെ കണ്ടെത്തണമെങ്കിൽ വരേണ്ടത് ഇവിടേക്കാണ്, ഈ ഹിന്റർലാൻഡിലേക്ക്. ഗോവയിലെ പ്രധാന ആകർഷണം തീർച്ചയായും വൃത്തിയുള്ള കണ്ണാടി പോലെയുള്ള കടലും തീരവുമാണ്. എന്നാൽ കടലവസാനിക്കുമ്പോൾ ഗ്രാമങ്ങളുടെ പച്ചപ്പ് കാണാം. വലിയ ഗ്രാമങ്ങൾക്കു പകരം ചെറു ഗ്രാമങ്ങളാണ് ഇവിടെ കാണാൻ കഴിയുക.
ഗോവയെക്കുറിച്ച് സങ്കൽപിക്കുമ്പോൾ മനസ്സിൽ വരുന്ന കാഴ്ചകളൊന്നുമല്ല ഈ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ ലഭിക്കുക. ഇരുവശവും തിങ്ങി നിറഞ്ഞ പച്ചപ്പിനിടയിലൂടെ, കാടിന്റെ മധ്യത്തിലൂടെ പോകുമ്പോൾ ഇത് ഗോവ തന്നെയാണോ എന്ന സംശയം തോന്നാം. ഇവിടുത്തെ ഈ നിഗൂഢ സൗന്ദര്യം ആസ്വദിച്ചവർ ഉറപ്പായും പറയും ഗോവയിലെ മറ്റേത് കാഴ്ചയേക്കാളും മനോഹരം ഇവിടം തന്നെയാണെന്ന്. സർക്കാരിന് ഇത്തരം ഹിന്റർലൻഡ് ടൂറിസത്തോടു താൽപര്യമുണ്ടെങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു പ്രധാന പ്രശ്നം യാത്രികരുടെ അതിപ്രസരം നാട്ടുകാർക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ്. സംരക്ഷിക്കപ്പെടേണ്ട ഇടമാണ് ഇത്തരം കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ, അതുകൊണ്ടു തന്നെ സഞ്ചാരികളുടെ ആധിക്യമുണ്ടായാൽ അത് ഇവിടുത്തെ ശാന്തതയെയും സമാധാനത്തെയും ബാധിച്ചേക്കാം.
മറ്റൊരു വശത്തു നിന്ന് ചിന്തിക്കുമ്പോൾ ഗ്രാമീണർക്ക് ടൂറിസത്തിന്റെ വളർച്ച സാമ്പത്തികമായി ഗുണപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളെ നിയന്ത്രിച്ചുകൊണ്ടുള്ള ഒരു വിനോദ സഞ്ചാര പദ്ധതിയാകും സർക്കാർ രൂപപ്പെടുത്തുക. കർണാടക -മഹാരാഷ്ട്ര അതിർത്തി പങ്കിടുന്ന ചോർളാ ഗാട്ട്സ് ഇത്തരം ഹിന്റർലാൻഡിനു മികച്ച ഒരു ഉദാഹരണമാണ്. ആഴമുള്ള കാടും തണുപ്പും അന്തരീക്ഷവുമാണ് ഇവിടെയുള്ളത്. മോളേയിം വന്യ ജീവി സംരക്ഷണ കേന്ദ്രം ഇത്തരത്തിൽ ഒരു സന്ദർശന ഇടമാണ്. തമ്പടി ഷുർളെ ക്ഷേത്രം, പ്രശസ്തമായ ദൂധ്സാഗർ വെള്ളച്ചാട്ടം എന്നിവ മോളേയിം എന്ന ഇടത്തു നിന്ന് അധികം ദൂരത്തല്ലാതെയാണുള്ളത്. ഗോവൻ ടൂറിസ്റ്റ് റഡാറിൽ ഈ ഇടങ്ങളൊന്നുമില്ലാത്തതിനാൽ ഇപ്പോഴും ഇവിടെ സഞ്ചാരികൾ കുറവാണ്. പക്ഷികളുടെ വ്യത്യസ്തമായ നിരവധി കൂട്ടങ്ങൾ ഗോവയിൽ ഈ പ്രദേശത്താണുള്ളത്.
STORY HIGHLLIGHTS: Is Goan hinterland state’s best-kept secret