ബെയ്റൂത്ത്: ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല. പുതിയ മേധാവിയെ അധികം വൈകാതെ തെരഞ്ഞെടുക്കുമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം പറഞ്ഞു. മേധാവി ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുല്ലയുടെ ആദ്യ പരസ്യപ്രതികരണമായിരുന്നു നഈം ഖാസിമിന്റെ വീഡിയോ സന്ദേശം. ഹിസ്ബുല്ലയുടെ സൈനികശേഷി തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്നും സയണിസത്തിനെതിരായ പോരാട്ടം നേരത്തെ നിശ്ചയിച്ച പോലെ തന്നെ തുടരുമെന്നും നഈം ഖാസിം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1000ലേറെ പേരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണത്തിനും പിന്നാലെ ലബനാനിൽ കരയാക്രമണത്തിനും തയാറെടുക്കുന്നുവെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് സൂചന നൽകിയിരുന്നു. നസ്റുല്ലയെ ഇല്ലാതാക്കിയത് സുപ്രധാന നീക്കമാണെങ്കിലും അത് കൊണ്ട് എല്ലാം ആയില്ല എന്നാണ് ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ സൈനികരോട് സംസാരിക്കവേ ഗാലന്റ് പറഞ്ഞത്.
“ഞങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കും. എല്ലാകഴിവുകളും എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എതിരാളികൾക്ക് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ, അറിഞ്ഞോളൂ, എല്ലാം അതിൽ ഉൾപ്പെടും. നിങ്ങൾ (സൈനികർ) ഈ ദൗത്യത്തിന്റെ ഭാഗമാണ്” -ഗാലന്റ് സൈനികരോട് പറഞ്ഞു. ലബനാന് നേരെ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ ഇതാദ്യമായി തലസ്ഥാനമായ ബെയ്‌റൂത്തിന്റെ മധ്യഭാഗത്ത് ഇന്ന് ആക്രമണം നടത്തിയിരുന്നു. ഇത് സമ്പൂർണ യുദ്ധത്തിനുള്ള സൂചനയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നസ്‌റല്ലുയെ ഇല്ലാതാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നെന്നും എന്നാൽ അതിലൂടെ തങ്ങളുടെ നീക്കം അവസാനിപ്പിച്ചിട്ടിലെന്നും അതിനായി തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലബനാനിൽ ആക്രമണം തുടർന്നാൽ മേഖലയിലെ വലിയ അഭയാർഥി പ്രവാഹമാകും സംഭവിക്കുകയെന്ന് പ്രധാനമന്ത്രി നജീബ് മികാത്തി വ്യക്തമാക്കി.