നിങ്ങളുടെ സങ്കൽപ്പങ്ങളിൽ ചുണ്ടുകൾ എങ്ങനെയായിരിക്കണം എന്നുണ്ടാകില്ലേ.. ഏറ്റവും ഇഷ്ടമായി ചുണ്ടുകൾ എങ്ങനെയാണെന്ന് ചോദിച്ചാൽ നിങ്ങൾ ഒരു പക്ഷേ സിനിമ താരങ്ങളുടെ പേരുകൾ ആയിരിക്കാം പറയുന്നത്. ലോകസുന്ദരിയുടെ പോലെയുള്ള അധരങ്ങൾ സ്വന്തമായി ഇല്ലെങ്കിലും അല്പം കരുതൽ കൊടുത്താൽ അവയെ കൂടുതൽ ആകർഷകമായി നിലനിർത്താം.
സാധാരണ ചുണ്ടുകൾ, വല്ലാതെ നേർത്ത മേൽച്ചുണ്ടും മലർന്ന കീഴ്‌ച്ചുണ്ടും, അല്ലെങ്കിൽ നേരെ തിരിച്ച്, വലിയ ചുണ്ടുകൾ അല്ലെങ്കിൽ തീരെ നേർത്ത ചൂണ്ടുകൾ, വരണ്ട ചുണ്ടുകൾ, വിണ്ടുകീറി ചുളിവുകളുള്ള ചുണ്ടുകൾ,… ഇതിൽ ഒന്നാകാം നിങ്ങളുടേത്. ആകൃതിയുടേതായ അഭംഗി ഉണ്ടെങ്കിൽ ലിപ്‌സ്‌റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചാൽ പരിഹരിക്കാം.
മലർന്ന ചൂണ്ടിന്റെ അകത്തുകൂടി (അതു ചെറുതാക്കി തോന്നിക്കുന്ന വിധത്തിൽ) ലിപ് ലൈനർ ഉപയോഗിച്ചു കട്ടിയിൽ വരയ്‌ക്കുക. ഉൾവശത്ത് ഇളംഷേഡിലുള്ള ലിപ്‌സ്‌റ്റിക് ഇടുക.
നേർത്ത ചുണ്ടിന്റെ സ്വാഭാവിക രേഖയ്‌ക്കു പുറത്തായി ലിപ്‌ലൈനർ ഉപയോഗിച്ചു കട്ടിയായി വരയ്‌ക്കണം. ഉൾവശത്ത് തെളിമയുള്ള ഷേഡിലുള്ള ലിപ്‌സ്‌റ്റിക് ഇടാം.
ലിപ്‌സ്‌റ്റിക് ഉപയോഗിക്കുമ്പോൾ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക.
- ചുണ്ടുകളിൽ സ്വേദഗ്രന്ഥികൾ ഇല്ലാത്തതിനാൽ പെട്ടെന്നു വരളാൻ സാധ്യതയുണ്ട്. അതിനാൽ മുഖത്തു തേയ്‌ക്കുന്ന ഫൗണ്ടേഷൻ ചുണ്ടിലും ഇട്ടശേഷം ലിപ്‌സ്‌റ്റിക് ഇടാം.
- നല്ല ബ്രാൻഡ് നോക്കി ലിപ്‌സ്‌റ്റിക് ഉപയോഗിക്കണം.
- രാത്രി കിടക്കുംമുമ്പ് ക്ലെൻസർ കൊണ്ട് ലിപ്‌സ്‌റ്റിക് പൂർണമായി നീക്കണം.
- ചർമത്തിന്റെ നിറം, മുഖാകൃതി എന്നിവയ്‌ക്കനുസരിച്ച് ലിപ്‌സ്‌റ്റിക്കിന്റെ ഷേഡ് തിരഞ്ഞെടുക്കാം. കറുത്ത ചുണ്ടാണെങ്കിൽ ലിപ്‌സ്‌റ്റിക്കിനു പകരം ലിപ്‌ഗ്ലോസ് ഉപയോഗിക്കാം.
ഇനി ചുണ്ടുകളുടെ ആരോഗ്യത്തിനു ചില പൊടിക്കൈകൾ:
- നിറം കൂട്ടാൻ- ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമംചേർത്തു പുരട്ടുക.
- തുടുപ്പിനും തിളക്കത്തിനും- കാരറ്റ് പതിവായി കഴിക്കുക. ചുണ്ടിൽ കാരറ്റ് അരച്ചു പുരട്ടുക.
- കറുപ്പ് നിറം മങ്ങാൻ- വെള്ളരിക്കാനീരിൽ ഗ്ലിസറിനും പനിനീരും ചേർത്തു പുരട്ടുക, കറുത്ത മുന്തിരിയുടെ ചാറു പുരട്ടുക.
- ചുളിവും വിള്ളലും മാറാൻ- കറ്റാർവാഴനീര് പതിവായി പുരട്ടുക.
- ചുണ്ട് വരണ്ടുകീറൽ- കടിച്ചു തൊലി മുറിക്കരുത്. വെണ്ണയോ നെയ്യോ പുരട്ടുക. ഗ്ലിസറിനും നാരങ്ങാനീരും കൂടി പുരട്ടി അൽപം കഴിഞ്ഞ് ടിഷ്യൂപേപ്പർ കൊണ്ടു തുടച്ചുമാറ്റിയാലും മതി.
- വരണ്ട ചുണ്ടുകൾ- മോയ്‌സ്‌ചറൈസർ പതിവായി പുരട്ടുക. നെയ്യോ വെണ്ണയോ പുരട്ടുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം.
- .ജീവസുറ്റ ചുണ്ടുകൾക്ക്- പച്ചക്കറികൾ, വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ, കാരറ്റ്, ധാരാളം വെള്ളം- ഇതെല്ലാം ചുണ്ടിന് ആവശ്യമാണ്. വേനൽക്കാലത്ത് നാരങ്ങാവെള്ളമോ ഓറഞ്ച് നീരോ പതിവായി കുടിക്കുക. ഇതിലെല്ലാം ഉപരിയായി നന്നായി ചിരിക്കുക- അതു ചുണ്ടുകളെ സുന്ദരമാക്കും, നല്ല വ്യായാമവുമാണ്.