ന്യൂഡൽഹി: സെർവർ തകരാർ മൂലം ഫീസടക്കാൻ സാധിക്കാതെ ഐ.ഐ.ടി ധൻബാദിലെ അഡ്മിഷൻ പ്രതിസന്ധിയിലായ ദലിത് വിദ്യാർഥിക്ക് ഇളവനുവദിച്ച് സുപ്രീംകോടതി. വിദ്യാർഥിക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി തനിക്ക് അനുകൂലമായി നിന്നതോടെ ഏറെ ആശ്വാസമാണ് ലഭിച്ചതെന്നും ആഹ്ലാദത്താൽ ചന്ദ്രനിലെത്തിയ പ്രതീതിയായിരുന്നെന്നും ഉത്തർപ്രദേശിലെ മുസഫർനഗറിലെ തിതോറ ഗ്രാമത്തിലെ നിർധന ദളിത് വിദ്യാർഥിയായ അതുൽ കുമാർ പറയുന്നു.
അഡ്മിഷന്‍ സമയത്ത് 17,500 രൂപ ഫീസ് അടയ്ക്കാനും സീറ്റ് ബ്ലോക്ക് ചെയ്യാനും സാധിക്കാത്തതിനെ തുടര്‍ന്ന് ഐ.ഐ.ടി. ധന്‍ബാദിലെ ഇലക്ട്രിക് എന്‍ജിനീയറിങ് സീറ്റ് അതുലിന്റെ കയ്യില്‍നിന്ന് ഒരു ഘട്ടത്തില്‍ ഊര്‍ന്നുപോയിരുന്നു. തുടര്‍ന്ന് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ഉള്‍പ്പെടെ പലയിടങ്ങളെ സമീപിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെടലുണ്ടായി. കോടതി 142-ാം അനുച്ഛേദം വിനിയോഗിക്കുകയും അതുലിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ചീഫ് ജസ്റ്റിസാണ് തന്നെ സഹായിച്ചതെന്ന് ആശ്വാസ പുഞ്ചിരിയോടെ അതുൽ പറഞ്ഞു. സാമ്പത്തിക ഞെരുക്കം കാരണം വിദ്യാർത്ഥികളുടെ പുരോഗതിക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നും അവരുടെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞെന്നും അതുൽ വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് അതുല്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദളിത്കുടുംബം. ദിവസക്കൂലിക്കാരനാണ് പിതാവ്. ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അഡ്മിഷന്‍ ഫീസായ 17,500 രൂപ എന്നത് വളരെ വലിയ തുകയായിരുന്നു. അത് അടയ്ക്കാന്‍ വൈകിയതോടെയാണ് അതുലിന് പ്രവേശനം നഷ്ടമായത്. ജൂണ്‍ 24 വൈകുന്നേരം അഞ്ച് മണിക്കുള്ളിലായിരുന്നു ഫീസ് അടയ്‌ക്കേണ്ടിയിരുന്നത്. അതേദിവസം വൈകുന്നേരം 4.45 ആയപ്പോഴേക്കും രക്ഷിതാക്കള്‍ ഒരുവിധത്തില്‍ പണം കണ്ടെത്തി. 4.45-ന് അതുല്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌തെങ്കിലും അഞ്ച് മണിക്ക് അത് ക്ലോസ് ആവുകയും പണം അടയ്ക്കാന്‍ സാധിക്കാതെ പോവുകയുമായിരുന്നു.