കോഴിക്കോട്: മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിന്റെ നാവാണെന്ന് വ്യക്തമായെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുടപിടിക്കുകയാണ് പിണറായി വിജയനിന്നു പി.കെ. ഫിറോസ് ആരോപിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽനിന്നുള്ളവരാണ്. വിമാനത്താവള പരിസരത്തുനിന്ന് പിടിക്കുന്ന സ്വർണക്കടത്ത് എങ്ങനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽപെടുത്തുന്നതെന്നും ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം.
സുജിത് ദാസിനെ ജില്ല പൊലീസ് മേധാവിയായി നിയമിച്ചപ്പോൾ നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലയെ ക്രിമിനൽ താവളമാക്കി മാറ്റാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികൾ നിയമസഭയിലും പോഷകഘടകങ്ങൾ തെരുവിലും ശക്തമായ സമരം നടത്തി. എന്നാൽ, അന്നത് ഗൗരവത്തിലെടുക്കാതിരുന്ന സർക്കാർ സുജിത് ദാസിന് ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ അവസരം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.