പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്. മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഓ. എം. തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് 1968 ല്‍ മരണമടഞ്ഞത്. അന്ന് 22വയസായിരുന്നു തോമസിന്റെ പ്രായം.
പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനം പൂര്‍ത്തിയാക്കിയ ശേഷം ലഡാക്കില്‍ നിന്ന് ലേ ലഡാക്കിലേക്ക് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഫ്‌ലൈറ്റ് തകര്‍ന്നു നിരവധി ആളുകളെ കാണാതാവുകയായിരുന്നു. അന്ന് കാണാതായ തോമസിന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം ലേ ലഡാക്ക് മഞ്ഞു മലകളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു പറഞ്ഞു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു.
അവിവാഹിതനായിരുന്നു തോമസ്. അമ്മ. ഏലിയാമ്മ. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ച് സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.