Kerala

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: വിവാദം കത്തുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

കോഴിക്കോട്: സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിവാദം കനക്കുന്നു. പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചത്. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.

സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് മുസ്‍ലിം സംഘടകളുടെ വിലയിരുത്തൽ. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ നൽകിയ പരാമർശത്തിലൂടെ മലപ്പുറത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദേശീയ തലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെങ്കിലും ഇത്തരം നീക്കം അപകടകരമാണെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും നിലപാട്.

സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ.പി വിഭാഗവും മുഖ്യമന്ത്രിയുടെ പ്രസ്താനവക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയും രം​ഗത്തെത്തി. മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗും വെൽഫയർ പാർട്ടിയും പ്രതിഷേധ മാർച്ചുകൾ നടത്തി. ഇന്ന് യൂത്ത് ലീഗ് പ്രാദേശിക തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കൂടുതൽ പ്രതിഷേധം വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന.

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി മലപ്പുറത്തെ ഭീകരവത്കരിക്കുകയാണെന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം. മലപ്പുറത്ത് നിന്നൊരാൾ തനിക്കും പാർട്ടിക്കും നേരെ തെളിവുസഹിതം ചില ചോദ്യങ്ങളുയർത്തിയതിന് ആ ജില്ലയെയൊന്നടങ്കം ഭീകരവത്കരിച്ച് മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതിരുകവിഞ്ഞതാണെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അഭിപ്രായപ്പെട്ടു.

മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിനെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വർണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്‍ലിം വിരുദ്ധ പ്രചരണം വരുന്നതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും വാർത്തയായിരുന്നു.