ബെയ്റൂത്ത്: ലബനാനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ഇസ്രയേലിലെത്തി. ലബനാനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. 2006ന് ശേഷം ലബനാനിൽ ആദ്യമായാണ് ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്.
ഇസ്രയേൽ ലെബനനിൽ കരയുദ്ധത്തിനു തുനിഞ്ഞാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ കരയുദ്ധം തുടങ്ങിയത്. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ കരുതൽസേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതൽ സൈനികരെയും കവചിതവാഹനങ്ങളും ലെബനൻ അതിർത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം ബെയ്റൂത്തിന്‍റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തി. താമസക്കാരോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. തിങ്കളാഴ്ച ലബനാനിലുണ്ടായ ആക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സിറിയൻ തലസ്ഥാനമായ മെസെഹിന്‍റെ സമീപപ്രദേശത്തുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രാദേശിക പത്രപ്രവർത്തകൻ സഫാ അഹ്മദും ഉൾപ്പെടുന്നുവെന്ന് അൽ മയാദീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ കൃത്യമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സില്‍ കുറിച്ചു. ഈ കേന്ദ്രങ്ങള്‍ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും വടക്കൻ ഇസ്രായേലിലെ ഇസ്രായേലികള്‍ക്ക് ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാസങ്ങളിലായി ജനറൽ സ്റ്റാഫും നോർത്തേൺ കമാൻഡും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഐഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഇസ്രായേലി വ്യോമസേനയും ഐഡിഎഫ് ആർട്ടിലറിയും പ്രദേശത്തെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തി കരസേനയെ പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.