മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. ഇതാ, മാങ്ങയിട്ട ഒരു സ്പെഷൽ മീൻകറിയുടെ റെസിപ്പി പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ
ആവോലി വൃത്തിയാക്കി ചെറുതായി മുറിച്ചത്- ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പ്
മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
മല്ലിപ്പൊടി – ഒന്നര ടേബിൾ സ്പൂൺ
ഉലുവാപ്പൊടി – അര ടീസ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി
ചെറിയ ഉള്ളി അരിഞ്ഞത് – അഞ്ചെണ്ണം
ഇഞ്ചി കനംകുറച്ച് അരിഞ്ഞത്- രണ്ട് ചെറിയ കഷ്ണം
പച്ചമുളക് കനം കുറച്ച് അരിഞ്ഞത് – രണ്ടെണ്ണം
വെളിച്ചെണ്ണ – കാൽ കപ്പ്
ഉപ്പ് – ഒരു ടേബിൾ സ്പൂൺ
വെള്ളം – ഒന്നര കപ്പ്
പച്ചമാങ്ങ കനത്തിൽ അരിഞ്ഞത് ഒരെണ്ണം – രണ്ടെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി, വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ചെടുക്കുക.
കുക്കറിൽ എണ്ണയൊഴിച്ച് ചൂടാക്കി ഉള്ളി ചേർത്ത് ചുവക്കുന്നതുവരെ വറുക്കുക. അതിലേക്ക് അരപ്പ് ചേർത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവയും വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് മാങ്ങയും മീനും ചേർത്ത് പതുക്കെ ഇളക്കി കുക്കർ അടച്ച് മൂന്ന് മിനിറ്റ് തീ കൂട്ടി വെയ്ക്കുക. തീ കുറച്ച് രണ്ട് മിനിറ്റു കൂടി വേവിക്കാം. കുക്കർ അടുപ്പിൽ നിന്ന് മാറ്റി വെയ്റ്റ് ഉയർത്തി ആവി കളയുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില വഴറ്റി മീൻ കറിയിലേക്ക് പകരാം.
Content highlight: Fish curry