കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 217 ആയി. 28 പേരെ കാണാനില്ലെന്നാണ് വിവരം. സെപ്റ്റംബർ 26ന് തുടങ്ങിയ ദുരിതത്തിൽ ആയിരക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. കാഠ്മണ്ഡുവിൽ മാത്രം ഇതുവരെ അൻപതിലധികം പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
143 പേർക്ക് പ്രളയക്കെടുതിയിൽ പരിക്ക് പറ്റിയതായി ആഭ്യന്തരമന്ത്രിയുടെ വക്താവ് ഋഷിറാം തിവാരി അറിയിച്ചു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നേപ്പാൾ ആർമി, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവയുൾപ്പെടെ 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ വിതരണം എന്നിവയ്ക്കായി വിന്യസിച്ചിട്ടുണ്ട്.