കൊച്ചി: പീഡനക്കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. അഡ്വ.രാമൻ പിള്ളയുടെ കൊച്ചിയിലെ ഓഫീസിലെത്തി അദ്ദേഹം ചർച്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ തന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ എറണാകുളം നോര്‍ത്തിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയാണ് സിദ്ദിഖ് എത്തിയത്. മകന് ഷഹീന് ഒപ്പമുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സിദ്ദിഖ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിദ്ദിഖിന് തിങ്കളാഴ്ച സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സിദ്ദിഖ് പ്രതികരിക്കാന്‍ തയ്യാറായില്ല.
സുപ്രീംകോടതി ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് നിര്‍ബന്ധിതനായേക്കും.
അതേസമയം സിദ്ദിഖിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്.
ഈ മാസം 22ന് സിദ്ദിഖിന്റെ ഹർജി സുപ്രീകോടതി വീണ്ടും പരിഗണിക്കുമ്പോൾ ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. എന്നാൽ പൊലീസിന്റെ നോട്ടീസ് രണ്ട് ദിവസത്തിനകം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് സിദ്ദിഖിന്റെ തീരുമാനം. അതുവഴി അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്ന് സുപ്രീംകോടതിയിലും നിലപാടെടുക്കാനാകും.