കോഴിക്കോട്: പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുകയല്ല സർക്കാർ ചെയ്തത്. ആരോപണങ്ങൾ ഗൗരവത്തിൽ എടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധിക്കാൻ ഡിജിപിക്ക് കീഴിൽ ഉള്ള ടീമിനെ നിയോഗിച്ചു. ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിന്റേതായ നടപടികൾ ഉണ്ടാകും. ഇപ്പോള്‍ അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെയാണ്.
അതിനു പിന്നിലെ താത്പര്യത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. വർഗീയ വിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ട്. ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പി.വി. അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വഴിയില്‍നിന്ന് വായില്‍ തോന്നിയത് വിളിച്ചുകൂവിയാല്‍ അതുകേട്ട് നടപടിയെടുക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. സി.പി.എമ്മിന് അതിന്റേതായ സംഘടനാ രീതിയതുണ്ട്. ആ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയെ തെറ്റിലേക്ക് വലിച്ചിഴക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടിനെതിരേയും ശക്തമായി എതിര്‍ക്കും. ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിനെതിരെയല്ല. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം മലപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. 2020 മുതലുള്ള സ്വര്‍ണക്കടത്തില്‍ ആകെ കേരളത്തില്‍ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം ആണ്. ഇതില്‍ 124.47 കിലോഗ്രാമും കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടിക്കപ്പെട്ടത്. സ്വാഭാവികമായും അത് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ലയുടെ ഗണത്തില്‍ എണ്ണപ്പെടും. അതിനെ മലപ്പുറത്തിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.