കോഴിക്കോട്: ദ ഹിന്ദു ദിന പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പി ആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മലപ്പുറം പരാമർശത്തിൽ പി.ആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ല. ‘രാജ്യത്തെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ പി.ആർ ഏജൻസി. ഇത് വിഷയത്തിൻ്റെ ഗൗരവം വീണ്ടും വർധിപ്പിക്കുകയാണ്. പി ആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു’വെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ ഒരു പി.ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി.ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഒരു ജനവിഭാഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി ‘ദ ഹിന്ദു’ പത്രം രംഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി വി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പി കെ കുഞ്ഞാലികുട്ടി. ഭരണപക്ഷ എം എൽ എ യുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകും. ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കും. ഇതുപോലത്തെ പി ആർ ഏജൻസിയേയുമായി മുന്നോട്ടു പോയാൽ കൂടുതൽ പേർ എൽ ഡി എഫിൽ നിന്ന് പുറത്തു വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.