കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പറയാത്ത കാര്യമാണ് പത്രം നല്‍കിയതെന്നും അക്കാര്യത്തില്‍ വീഴ്ച പറ്റിയതായി ഹിന്ദു പത്രം ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്ത്, അത് ജില്ലക്കെതിരല്ല. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെതിരേ പറയുന്നത് മലപ്പുറത്തിനെതിരെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോഴിക്കോട് വിമാനത്താവളം എന്നാണ് പേര് എങ്കിലും, കരിപ്പൂർ മലപ്പുറത്താണല്ലോ സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള കേസ് മലപ്പുറം ജില്ലയുടെ പരിധിയിൽ ആണ് രേഖപ്പെടുത്തുക. അതാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. 2020 മുതൽ സ്വർണക്കടത്തിൽ ആകെ പിടിക്കപ്പെട്ടത് 147.79 കിലോ സ്വർണമാണ്. ഇതിൽ 124 കിലോ കരിപ്പൂർ വിമാനത്താവളവും ആയി ബന്ധപ്പെട്ട് പിടിക്കപ്പെട്ടതാണ്.’- മുഖ്യമന്ത്രി പറഞ്ഞു.
‘ആകെ 122 കോടി രൂപയുടെ ഹവാല പണം സംസ്ഥാനത്ത് പിടികൂടി. ഇതിൽ 87 കോടി രൂപ മലപ്പുറം ജില്ലയിൽ നിന്നുള്ളതാണ്. തെറ്റായ ചില ചിത്രീകരണം ഇതുമായി ബന്ധപ്പെട്ട് വന്നു. അതിലെ വസ്തുത പറയാനാണ് കഴിഞ്ഞ പത്ര സമ്മേളനത്തിൽ കൂടുതൽ സമയം എടുക്കേണ്ടി വന്നത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നു.’- മുഖ്യമന്ത്രി പറഞ്ഞു. സ്വർണ കള്ളക്കടത്ത്, ഹവാല ഇടപാട് എന്നിവരെ പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നത്. ഇത് മനസ്സിലാകാത്ത കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി ‘ദ ഹിന്ദു’ പത്രം രംഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു.