ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം. എന്‍.ഡി.ആര്.എഫില്‍ നിന്നുള്ള അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളത്.
വെള്ളപ്പൊക്കദുരന്തം ബാധിച്ച സംസ്ഥാനങ്ങളിലെ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ദുരന്ത നിവരാണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്രക്ക് 1032 കോടി, അസമിന് 716 കോടി ബിഹാറിന് 655 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. ഇന്നലെ മറ്റു മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചിരുന്നു.
ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചത്. കേരളം ഉള്‍പ്പെടെയുള്ള മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തിയെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണിപ്പോള്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമായി 145.60 കോടിയുടെ സഹായം ഇപ്പോള്‍ അനുവദിച്ചത്.