ടെല്‍ അവീവ്: ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.
ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത ആക്രമണം. ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ, ഇറാന്‍റെ ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
തെൽ അവീവിലെ ജാഫയിൽ നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു.
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.
ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽകി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.