Travel

താജ്മഹൽ പോലൊരു പ്രണയ സ്മാരകം; രഹസ്യങ്ങൾ ഉറങ്ങുന്ന രൂപ്മതി | rani-rupmati-palace-in-mandu

താജ്മഹൽ അല്ലാതെ ഇന്ത്യയിലെ മറ്റു പ്രണയസ്മാരകങ്ങൾ ഏതൊക്കെ എന്ന അന്വേഷണത്തിനിടെ കണ്ണിലുടക്കിയ പേരാണ് രൂപ്മതി പവലിയൻ. മധ്യപ്രദേശിലെ ഥാർ ജില്ലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ ഉറങ്ങിക്കിടക്കുന്ന മാണ്ഡുവിലാണ് രൂപ്മതി പവലിയൻ സ്ഥിതി ചെയ്യുന്നത്. റാണി രൂപമതിയുടെയും ബസ് ബഹദൂറിന്റെയും പ്രണയകഥകളുടെ ഓർമയാണ് ഈ നിർമിതി. ഇന്നത്തെ മധ്യപ്രദേശിന്റെ പടിഞ്ഞാറൻ ജില്ലകളും രാജസ്ഥാന്റെ തെക്കുകിഴക്കേ ഭാഗങ്ങളും ഉൾപ്പെട്ട രാജ്യമായിരുന്നു മാൽവ. ആ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മാണ്ഡു. മൗര്യന്മാരും മാലവന്മാരും ഗുപ്തന്മാരും പലകാലഘട്ടങ്ങളിലായി മാണ്ഡുഭരിച്ചിട്ടുണ്ട്. 1300 കളിലാണ് മുഗൾ ഭരണാധികാരികൾ മാണ്ഡു പിടിച്ചടക്കുന്നത്. മുഗൾഭരണകാലത്ത് മാൽവയിലെ ഗവർണറായിരുന്നു സുജാത്ത് ഖാൻ. ഇദ്ദേഹത്തിന്റെ മരണശേഷം മകൻ ബാസ് ബഹദൂർ ഭരണം ഏറ്റെടുത്തു. തുടർന്ന് മുഗൾ ഭരണത്തിൽ നിന്ന് എഡി 1555 ൽ മാൽവയെ സ്വതന്ത്രമാക്കി. ശേഷം മാൽവയുടെ സുൽത്താനായി സ്വയം അവരോധിച്ചു.

ഒരിക്കൽ കാട്ടിൽ വേട്ടയ്ക്കിറങ്ങിയ സുൽത്താൻ അതിമനോഹരമായൊരു പാട്ട് കേൾക്കാനിടയായി. ആ സംഗീതത്തിന്റെ ഉറവിടം തേടി ചെന്നെത്തിയത് തോഴികളോടൊപ്പം ആടുമേച്ചുനടക്കുന്ന രൂപ്മതിയ്ക്ക് മുന്നിലാണ്. അവളുടെ സൗന്ദര്യത്തിലും സംഗീതത്തിലും മനം മയങ്ങിയ ബാസ് ബഹദൂർ അവളോട് വിവാഹാഭ്യർഥന നടത്തി. സുൽത്താനാണ് തന്റെ മുന്നിൽ അപേക്ഷയുമായി നിൽക്കുന്നത്. തിരസ്കരിക്കാൻ വയ്യ എന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു രൂപ്മതിയ്ക്ക്. ഒരു ഉപാധിയോടു കൂടി രൂപ്മതി വിവാഹത്തിന് സമ്മതമറിയിച്ചു. ‘തനിക്ക് ഏറെ പ്രിയപ്പെട്ട നർമദാ നദി മാൽവയുടെ ഭൂമിയെ എന്ന് സ്പർശിക്കുന്നുവോ അന്ന് ഞാൻ അങ്ങയെ വിവാഹം ചെയ്തുകൊള്ളാം’ എന്നതായിരുന്നു ഉപാധി. തന്റെ പ്രിയതമയ്ക്ക് നർമദ നദി എന്നും കണ്ടുകൊണ്ടിരിക്കാനായി ബാസ് ബഹദൂർ അതിമനോഹരമായൊരു കൊട്ടാരം പണിതു. അതിനോട് ചേർന്ന് ഒരു പവലിയനും കൊട്ടാരത്തിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാനായി റേവകുണ്ഡ് എന്നൊരു തടാകവും പണിതു. പിന്നീട് സുൽത്താൻ രൂപ്മതിയെ ഹിന്ദു വിധി പ്രകാരവും മുസ്ലിം മതാചാരച്ചടങ്ങുകളോടെയും വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്നു.

വിവാഹശേഷം രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതായി ബാസ് ബഹദൂർ. മുഴുവൻ സമയവും സംഗീതസദസ്സുകളുമായി ജീവിതം ആഘോഷിച്ചു. മാൽവയിലെ സുൽത്താന്റെ അലസമായ രാജ്യഭരണവും രൂപ്മതിയുടെ സൗന്ദര്യവും അക്ബറിന്റെ ചെവിയിലെത്തി. തന്റെ വളർത്തു സഹോദരനും പട്ടാള ജനറലുമായ ആധംഖാനെ മാൽവ ആക്രമിച്ച് കീഴ്പ്പെടുത്താൻ അക്ബർ നിയോഗിച്ചു. 1561 ൽ ആധംഖാൻ മാൽവ ആക്രമിച്ച് കീഴ്പ്പെടുത്തി. ബസ് ബഹദൂർ രൂപ്മതിയെ ഉപേക്ഷിച്ച് മാൽവയിൽ നിന്ന് രക്ഷപ്പെട്ടോടി. ആധംഖാൻ രൂപ്മതിയെ സ്വന്തമാക്കാനായി ശ്രമിച്ച നിമിഷം രൂപ്മതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നീട് ബാസ്ബഹദൂർ മാൽവ പിടിച്ചടക്കാനുള്ള ശ്രമം നടത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. ബാസ്ബഹദൂറിന്റെ അവസാനത്തെ ആഗ്രഹപ്രകാരം, രൂപ്മതിയുടെ ഖബറിനടുത്തായി തന്നെ ബാസ്ബഹദൂറിനെയും ഖബർ അടക്കി.

rani-rupmati-palace-in-mandu.