തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഒരണ്ണം മരത്തിന് മുകളിൽ തന്നെയാണ്. ഇതിനെ നാളെ മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.
ഇന്ന് രാവിലെ മരത്തിൽ നിന്ന് താഴെ ഇറങ്ങിയെങ്കിലും ജീവനക്കാരെ കണ്ടതോടെ തിരിച്ചു കയറി. പഴവും തീറ്റയും കൂട്ടിൽ ഇട്ട് താഴെ ഇറക്കാനാണ് നീക്കം. കൂട്ടിൽ ആൺ കുരങ്ങ് ഉള്ളതിനാൽ പെൺകുരങ്ങുകൾ മൃഗശാല പരിസരം വിട്ട് പോകില്ലെന്നായിരുന്നു അധികൃതരുടെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചായ്ഞ്ഞ മുളങ്കൂട്ടിൽ പിടിച്ചു കയറിയാണ് മൂന്ന് കുരുങ്ങുകളും പുറത്ത് ചാടിയത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ മുളങ്കൂട്ടം മുറിച്ചു മാറ്റി. അതിനാൽ വന്ന വഴി തിരിച്ചു പോകാനും കുരങ്ങുകൾക്ക് ആകുന്നില്ലായിരുന്നു. ആളുകളെ കണ്ടാൽ കുരുങ്ങുകൾ താഴെ വരാത്തതിനാൽ മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചാടിപ്പോയ മുഴുവൻ കുരങ്ങുകളെ പിടികൂടിയതിന് ശേഷമേ സന്ദർശനാനുമതി നൽകൂ. ഇനി ഒരെണ്ണം കൂടി കൂട്ടിലെത്താനുണ്ട്.
ആകെ 4 ഹനുമാൻ കുരങ്ങുകളാണ് മൃഗശാലയിലുള്ളത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് മാസങ്ങൾക്ക് മുമ്പ് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെ മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്ക് കാണാൻ പാകത്തിൽ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കഴിഞ്ഞ ജൂണിൽ ഒരു കുരങ്ങ് ചാടിപ്പോയിരുന്നു. തലസ്ഥാന നഗരത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന കുരങ്ങിനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് മൃഗശാല അധികൃതർ കൂട്ടിലാക്കിയത്.