ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിൻ്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ മരണം ആറായി. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ പൊലീസ് 2 തോക്കുധാരികളെയും വധിച്ചു. നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.
ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ ലബനൻ തെരുവിൽ ആഹ്ളാദ പ്രകടനം നടന്നിരുന്നു. ബെയ്റൂട്ടിൽ ആളുകൾ പടക്കങ്ങൾ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.