ന്യൂഡൽഹി: ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടേയുമടക്കം വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയെന്നു ചൂണ്ടിക്കാട്ടി ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ. സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയാറാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സഹായം വേണമെങ്കിൽ അടിയന്തരമായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇന്ത്യ പൗരന്മാരോട് നിർദേശിച്ചു. വിവിധ ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയിട്ടുണ്ട്.
സംഘർഷത്തിനു പിന്നാലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് എസ്. ജയശങ്കർ പറഞ്ഞു. രണ്ട് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയാണ്. മധ്യസ്ഥശ്രമങ്ങൾക്കും പരസ്പരം സന്ദേശങ്ങൾ കൈമാറാനും ഇന്ത്യ തയാറാണ്.സംഘർഷം വ്യാപിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പത്രക്കുറിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.