മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. രണ്ടാമത്തെ തിരിച്ചുവരവിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അതിന് കാരണം അത്രത്തോളം മലയാള സിനിമയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജു എന്നത് തന്നെയാണ്. രണ്ടാമത്തെ തിരിച്ചു വരവിലും അതിമനോഹരമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് സാധിച്ചിരുന്നു. എന്നാൽ ചില ചിത്രങ്ങളുടെ പരാജയം താരത്തിന്റെ കരിയറിനെ വളരെ മോശമാക്കി മാറ്റിയിരുന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് താരം വളരെ സെലക്ടീവായാണ് ഓരോ സിനിമകളും തിരഞ്ഞെടുത്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധയെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം.
വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന ചിത്രത്തിൽ മഞ്ജുവിനും ശ്രദ്ധേയ വേഷമാണെന്നാണ് സൂചന. വേട്ടെയാനിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. വേട്ടെയാന് ശേഷം വിടുതലൈ 2 ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാൻ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്.
അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകൾ. രണ്ട് സിനിമകളും വൻ വിജയം നേടി. വേട്ടെയാനും ഹിറ്റായാൽ തമിഴകത്തെ വൻ താരമൂല്യമുള്ള നടിയായി മഞ്ജു വാര്യർ മാറും. ഒക്ടോബർ പത്തിനാണ് വേട്ടെയാൻ റിലീസ് ചെയ്യുന്നത്. ചിത്രം വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് രജിനികാന്ത് ആരാധകർ.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. സന്തോഷിക്കാൻ തനിക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു.
സന്തോഷിക്കാൻ വേണ്ടി ഒന്നിനും കാത്തിരിക്കേണ്ടതില്ല. ഒന്നുമില്ലെങ്കിലും സന്തോഷമായിരിക്കണം. ഇതൊന്നും ഇല്ലെങ്കിലും ഉള്ളിൽ സന്തോഷമായിരിക്കണം. പുറത്ത് നിന്നുള്ള ഒരു കാര്യത്തിന്റെ സഹായം അതിന് വേണ്ട. എന്നെ സംബന്ധിച്ച് മ്യൂസിക്, ഇഷ്ടമുള്ള ആരെങ്കിലും ഒപ്പം വേണം എന്നൊന്നുമില്ല. ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരുന്നാലും ഞാൻ ഹാപ്പിയാണ്. അത് നല്ലതാണോ എന്നെനിക്കറിയില്ല. ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും എനിക്കിരിക്കാം.
നമ്മൾ തന്നെ നമ്മളെ സന്തോഷമായി വെക്കണമെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. രജിനികാന്തിനൊപ്പമുള്ള അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു. വളരെ കംഫർട്ടബിൾ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ മണ്ടിയാകരുതെന്നുണ്ടായിരുന്നു. അതിനാൽ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം എന്നോടിങ്ങോട്ട് നന്നായി സംസാരിച്ചു. അസുരൻ കണ്ടിരുന്നെന്ന് പറഞ്ഞു. നിങ്ങൾ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചു.
അദ്ദേഹം എല്ലാ കാര്യങ്ങളും അറിയുന്നെന്നതിൽ സന്തോഷം തോന്നി. മലയാള സിനിമകളെക്കുറിച്ചും മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചു. ഞാൻ എന്നെത്തന്നെ ട്രോളാറും വിമർശിക്കാറുമുണ്ട്. മനസിലായോ പാട്ട് കാണുമ്പോൾ കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് തോന്നുന്നത്. അതെപ്പോഴും തനിക്ക് തോന്നാറുണ്ട്. ഞാൻ ചെയ്യുന്നതിൽ ഞാൻ സ്വയം സംതൃപ്തയല്ല.
ഇനിയും നന്നായി ചെയ്യാമെന്നാണ് തോന്നാറെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. വേട്ടയാനിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. അതേസമയം ഇതൊരു പൂർണ രജിനികാന്ത് ചിത്രമാണ്. ഡബ്ബിംഗിൽ എന്റെ ഭാഗങ്ങൾ മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. സിനിമ മുഴുവനായി കാണാൻ താൻ കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
content highlight: manju-warrier-shares-how-she-kept-herself-happy