India

സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം: മേധാപട്കര്‍ കസ്റ്റഡിയില്‍

ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി പ്രതിഷേധിച്ച മേധയെ ദില്ലി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി പ്രതിഷേധിച്ച മേധയെ ദില്ലി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മേധാ പട്കറിനൊപ്പം പ്രഫുല്‍ സാംത്ര, ഡോ.സുനിലം എന്നിവരെയും കസ്റ്റഡിയിലെടുത്തു.

ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ സോനം വാങ് ചുകിന്റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് മേധാ പട്കര്‍ നിരാഹാരം ആരംഭിച്ചത്.

ദില്ലിയിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ ഇന്ന് മാര്‍ച്ച് സമാപിക്കാനിരിക്കെയാണ് ദില്ലി – ഹരിയാന അതിര്‍ത്തിയില്‍ നിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സോനം വാങ്ചുകിക്കെതിരായ പൊലീസ് നടപടി ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണെന്ന് സിപിഐഎം അപലപിച്ചു.