Kerala

KSEB ജീവനക്കാര്‍ക്ക് “ഷോക്ക് ട്രീറ്റ്‌മെന്റ്” നല്‍കി വകുപ്പുമന്ത്രിയുടെ ഉപഭോക്തൃ സേവന വാര ഉപദേശം: വൈദ്യുതി ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കനുസരിച്ച് KSEBയുടെ സേവന നിലവാരം ഉയര്‍ത്തണം

സേവന നിലവാരം സംബന്ധിച്ച് ഉപഭോക്താക്കളുടെ പ്രതീക്ഷ ഉയരുന്നതിന് അനുസരിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രവര്‍ത്തന നിലവാരവും ഉയരേണ്ടതുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കളോട് സംസാരിക്കുന്ന ഭാഷയും നമ്മുടെ പ്രവര്‍ത്തന ശൈലിയും പ്രവര്‍ത്തന നിലവാരവും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഓഫീസുകളിലേക്ക് വിളിക്കുമ്പോള്‍, ആ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നവരുടെ സംഭാഷണ ശൈലിയും മെച്ചപ്പെടുത്തുന്നതിലും വലിയ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാക്കി പെരുമാറിയാല്‍ KSEBയുടെ പ്രവര്‍ത്തനം മികച്ചതാകുമെന്നും ഉപഭോക്തൃ സേവന വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി ഡിവിഷന്‍ അടിസ്ഥാനത്തില്‍ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, മത, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെ എസ് ഇ ബി ഉദ്ദേശിക്കുന്നു.

തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ ഉപഭോക്താക്കളുമായി നിരന്തരം സംവദിച്ച് അവരുടെ സംശയങ്ങളും ആശങ്കകളും പരാതികളും ദൂരീകരിക്കുന്നതിനായി കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി എല്ലാ കെ എസ് ഇ ബി ജീവനക്കാരും അവരുടെ കാര്യാലയങ്ങളിലെത്തി ഉപഭോക്തൃ സേവന സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാര്‍ ചേര്‍ന്ന് തുറന്ന് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്തു.

കൂടാതെ ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊണ്ടു. പുതിയ കണക്ഷനുകള്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍തന്നെ നല്‍കുന്നതും കെ എസ് ഇ ബി ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്തൃ സേവന വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കൊല്ലങ്കോടാണ് നടന്നത്. ഉദ്ഘാടന ചടങ്ങില്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നെന്മാറ എം.എല്‍.എ കെ. ബാബു അധ്യക്ഷനായ ചടങ്ങില്‍ കെ.എസ്.ഇ.ബി വിതരണ, സുരക്ഷാ വിഭാഗം ഡയറക്ടര്‍ പി.സുരേന്ദ്ര സ്വാഗതം ആശംസിച്ചു.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ പഞ്ചായത്തംഗം ശാലിനി കറുപ്പേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. വിതരണ വിഭാഗം ഉത്തരമേഖലാ ചീഫ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എ സുരേഷ് വിഷയാവതരണം നടത്തി. പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഗിരിജ റ്റി.സി കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഡിവിഷന്‍തല ഉപഭോക്തൃ സദസ്സ് നടന്നു. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ ഉപഭോക്താക്കളുമായി സംവദിച്ചു.