സ്പർശനം നൽകുന്ന ആരോഗ്യ ഗുണങ്ങൾ വലുതാണ്. നിങ്ങൾ വളരെ വലിയൊരു മാനസിക സമ്മർദ്ദത്തിൽ ഇരിക്കുകയാണെന്ന് ചിന്തിക്കുക. ആ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചെറിയ തലോടൽ പോലും വലിയ ആശ്വാസം നൽകും. പല രോഗങ്ങൾക്കും ഒരു പരിഹാരമാണ് സ്പർശനം. അത്തരത്തിലുള്ള ഒരു പഠനത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്
137 പഠനങ്ങളില്‍ നിന്നുള്ള 13,000 മുതിര്‍ന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഏതെങ്കിലും തരത്തില്‍ ശാരീരിക സ്‌പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ് ഇവരെല്ലാവരും.
ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്‌ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത് മറവിരോഗം ബാധിച്ച പ്രായമായവരിലെ ആക്രമണോത്സുകതയും സമ്മര്‍ദ്ദവും കുറയ്‌ക്കുന്നതായി ഇതിലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. സ്‌തനാര്‍ബുദരോഗികളുടെ മൂഡ് മെച്ചപ്പെടുത്താന്‍ മസാജിനു കഴിയുമെന്നാണ് മറ്റൊരു പഠനത്തിലെ കണ്ടെത്തല്‍.
മുതിര്‍ന്നവരെ സംബന്ധിച്ച് അടുപ്പമുള്ളവരോ ആരോഗ്യപ്രവര്‍ത്തകനോ ആര് സ്‌പര്‍ശിച്ചാലും മാനസികാരോഗ്യ ഗുണങ്ങളുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ നവജാതശിശുക്കളെ സംബന്ധിച്ച് അപരിചിതരുടെ സ്‌പര്‍ശനത്തേക്കാള്‍ മാതാപിതാക്കളുടെ സ്‌പര്‍ശനത്തില്‍ നിന്നാണ് ഗുണം ലഭിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് അച്ഛന്റെയോ അമ്മയുടെയോ സ്‌പര്‍ശനം വളരെ ഗുണപ്രദമാണെന്ന് ഇവരുടെ അഭിപ്രായം.
പുരുഷന്മാരെ അപേക്ഷിച്ച് സ്‌പര്‍ശനത്തിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത് സ്‌ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്‌പര്‍ശനത്തിന്റെ ആവർത്തനങ്ങളും പ്രധാനമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു സ്‌പര്‍ശനം ലഭിച്ചിട്ട് ഗുണമില്ലെന്നും ഇടയ്‌ക്കിടെ നല്ല സ്‌പര്‍ശനങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ കാണാനോ അവരുടെ സ്‌പര്‍ശനം ഏല്‍ക്കാനോ സാധിക്കാത്തവര്‍ക്ക് വിഷാദരോഗം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഗവേഷകര്‍ നിരീക്ഷിച്ചു.
എവിടെ തൊടുന്നു എന്നതിനും പ്രാധാന്യമുണ്ട്. ഉടലില്‍ തൊടുന്നതിനെക്കാള്‍ പ്രയോജനം ലഭിക്കുന്നത് തലയില്‍ തൊടുമ്പോഴാണ്. കാരണം മുഖത്തും തലയോട്ടിയിലുമൊക്കെയുള്ള നാഡീവ്യൂഹ തുമ്പുകളുടെ എണ്ണം അധികമാണ്. എന്നാല്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം സന്തോഷകരമായ അനുഭവം നല്‍കുന്ന സ്‌പര്‍ശനങ്ങള്‍ മാത്രമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ സ്പർശിച്ചാൽ അത് വിപരീതഫലം ഉണ്ടാക്കി സമ്മര്‍ദ്ദം വര്‍ധിപ്പിക്കാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
content highlight: physical-contact-ease-pain-and-boost-mental-health