Health

കൊതുക് കടിച്ചാൽ ഇങ്ങനെ ചെയ്യാറുണ്ടോ ? അരുത് …| never-do-after-a-mosquito-bite

കൊതുകിന്റെ ഉമിനീര്‍ ശരീരത്തിലെത്തുമ്പോള്‍ മനുഷ്യശരീരവും അതിനെതിരെ പ്രതിരോധിക്കാറുണ്ട്

കൊതുക് കടിച്ചാല്‍ മിക്കവരും ആദ്യം ചെയ്യുന്ന കാര്യം കടിച്ച സ്ഥലം ചൊറിയുകയാണ്. കാരണം കൊതുക് കടിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കൊതുക് നമ്മുടെ ശരീരത്തില്‍ അതിന്റെ കൊമ്പ് പോലുള്ള ചോര വലിച്ചെടുക്കുന്ന ഭാഗം കുത്തിയിറക്കുമ്പോള്‍ അതിന്റെ ഉമിനീര്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ആ ഉമിനീരില്‍ രക്തം കട്ട പിടാക്കാതെ ഇരിക്കാനുള്ള പദാര്‍ത്ഥവും ഉണ്ട്. അങ്ങനെയാണ് കൊതുക് വയറുനിറയെ ചോര കുടിച്ച് വീര്‍ക്കുന്നത്. കൊതുകിന്റെ ഉമിനീരിലുള്ള വിഷാംശങ്ങള്‍ കാരണമാണ് കടിയേല്‍ക്കുന്ന ആളുകള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നത്.

കൊതുകിന്റെ ഉമിനീര്‍ ശരീരത്തിലെത്തുമ്പോള്‍ മനുഷ്യശരീരവും അതിനെതിരെ പ്രതിരോധിക്കാറുണ്ട്. ഹിസ്റ്റമിനുകളും ലൂകോട്രിയെന്‍സുകളും പുറപ്പെടുവിച്ചുകൊണ്ടാണിത്. എന്നാല്‍ ഓരോ ആളുകളിലും ഈ പ്രതിരോധ പ്രവര്‍ത്തനം വ്യത്യാസപ്പെടാം. മാത്രമല്ല ഓരോ കൊതുക് വര്‍ഗ്ഗത്തിനനുസരിച്ചും ശരീരത്തിന്റെ പ്രതിരോധം മാറാം. അതുകൊണ്ടാണ് ചിലയാളുകള്‍ക്ക് കൊതുക് കടിച്ചാല്‍ കൂടുതല്‍ ചൊറിച്ചില്‍ തോന്നുന്നതും മറ്റുചിലര്‍ക്ക് കടിച്ച സ്ഥലം തടിച്ച് വീര്‍ക്കുന്നതും തൊലി പൊട്ടുന്നതുമെല്ലാം. സാധാരണഗതിയില്‍ കൊതുക് കടിക്കുമ്പോള്‍ മിക്കവര്‍ക്കും ചെറിയൊരു ചൊറിച്ചിലും തടിപ്പും മാത്രമേ ഉണ്ടാകാറുള്ളു. എന്തായാലും കൊതുക് കടിച്ചാല്‍ നമ്മള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. അത് എന്താണെന്ന് നോക്കാം.

കൊതുക് കടിച്ച് എത്ര അസഹിനീയമായ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും തൊലി ചൊറിഞ്ഞ് പൊട്ടിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. കാരണം, നമ്മുടെ ശരീരത്തിലും തൊലിയിലും നമുക്ക് കാണാനാകാത്ത അനേകായിരം വ്യത്യസ്ത തരം ബാക്ടീരിയകള്‍ ജീവിക്കുന്നുണ്ട്. സ്റ്റെഫൈലോകോക്കസ്, സ്‌ട്രെപ്‌ടോകോക്കസ് എന്നിവ ഉദാഹരണങ്ങളാണ്. ശരീരത്തിന് പുറത്ത് അവ വസിക്കുന്നത് കൊണ്ട് സാധാരണഗതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

പക്ഷേ നമ്മുടെ ചൊറിച്ചില്‍ കാരണമോ അല്ലാതെയോ തൊലി പൊട്ടി ഒരു മുറിവുണ്ടായാല്‍, ഈ ബാക്ടീരിയകള്‍ക്ക് ശരീരത്തികത്തേക്ക് കയറാനുള്ള വാതില്‍ തുറക്കപ്പെടുന്നു. ആ ഒരു ചെറിയ മുറിവ് ശരീരത്തില്‍ അണുബാധയുണ്ടാക്കാം. സെല്ലുലൈറ്റിസ്, ഇംപെറ്റിഗോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം അണുബാധകള്‍ തൊലിയില്‍ ചുവപ്പും തടിപ്പും നീരും ഉണ്ടാക്കും. കൊതുക് കടിച്ച് ചൊറിഞ്ഞതിന് ശേഷം അവിടെ ചുവന്ന്തടിക്കുന്നത് ഇതുകൊണ്ടാണ്. ചിലപ്പോള്‍ ഈ മുറിവില്‍ നിന്നും വെള്ളമൊലിക്കുകയും ചെയ്യാം. സാധാരണഗതിയില്‍ ഇത് രണ്ട് ദിവസം കഴിഞ്ഞാല്‍ ഉണങ്ങിപ്പോകും. ചിലയാലുകളില്‍ ആന്റിബയോട്ടിക്‌സുകള്‍ കൊണ്ടേ ഇവ മാറുകയുള്ളു. എന്നാല്‍ വളരെ അപൂര്‍വ്വമായി ഇവ സെപ്‌സിസ്, നെക്രോട്ടൈസിംഗ് ഫസിറ്റിസ് പോലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

കൊതുക് കടിച്ചാല്‍ ചൊറിഞ്ഞ് പൊട്ടിക്കരുത് എന്ന് പറയാനുള്ള മറ്റൊരു കാരണം, ചൊറിയുന്നതിനനുസരിച്ച് ശരീരം കൂടുതല്‍ ഹിസ്റ്റമിന്‍ കോശങ്ങള്‍ പുറപ്പെടുവിക്കും. അവ കൂടുതല്‍ ചൊറിച്ചിലിന് കാരണമാകും. ചൊറിയുമ്പോള്‍ നേരിയ വേദനയുടെ സിഗ്നലാണ് തലച്ചോറിലേക്ക് പോകുന്നത്. തല്‍ഫലമായി സെറോടോണിന്‍ പുറപ്പെടുവിക്കപ്പെടുന്നു. ഇതും ചൊറിച്ചിലിന് കാരണമാകും.

കൊതുകടിച്ചാല്‍ ചൊറിയാതെ പിന്നെയെന്ത് ചെയ്യുമെന്നല്ലേ ചിന്തിക്കുന്നത്. അതിന് ചില വഴികളുണ്ട്. കൊതുക് കടിച്ചാല്‍ കഴിയുമെങ്കില്‍ ഉടന്‍ തന്നെ ആ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകുക. കടിച്ച ഭാഗത്തെ ബാക്ടീരികളെ നീക്കം ചെയ്യാന്‍ അതിലൂടെ സാധിക്കും. കൊതുക് കടിക്കുമ്പോള്‍ വളരെ സൂക്ഷ്മമായ മുറിവാണ് ശരീരത്തിലുണ്ടാകുന്നത്. അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അവിടുത്തെ രോഗാണുക്കള്‍ ശരീരത്തിനുള്ളിലേ്ക്ക പ്രവേശിക്കാതെ തടയും.

ചൊറിച്ചില്‍ മാറുന്നതിനായി കടിച്ച ഭാഗത്ത് ഐസ് വെക്കാം. തൊലിയിലെ ചൊറിച്ചിലും ചുവന്ന് തടിക്കുന്നതും വേദനയുമെല്ലാം അകറ്റാന്‍ ഐസ് വെക്കുന്നത് നല്ലതാണ്. ഇനിയും ചൊറിച്ചില്‍ മാറുന്നില്ലെങ്കില്‍ ചൊറിച്ചില്‍ മാറ്റുന്ന ലേപനം പുരട്ടാം. കലാമിന്‍ ലോഷന്‍ അല്ലെങ്കില്‍ ഹൈഡ്രോകോര്‍ട്ടിസോണ്‍ പോലുള്ള ലേപനങ്ങള്‍ ഹിസ്റ്റമിന്‍ കൊണ്ടുള്ള ചൊറിച്ചില്‍ ഇല്ലാതാക്കും.

content highligth: never-do-after-a-mosquito-bite