നമുക്കുണ്ടാകുന്ന ഓരോ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സൂചന ശരീരം തന്നെ കാണിച്ചു തരും. എന്നാൽ അതൊന്നും നമ്മൾ വകവയ്ക്കുകയോ അല്ലെങ്കിൽ മനസ്സിലാക്കുകയോ ചെയ്യാത്തതാണ് പ്രശ്നം. നമ്മുടെ നഖങ്ങൾക്ക് പോലും മുൻകൂട്ടി രോഗലക്ഷണങ്ങൾ കാണിച്ചു തരാൻ സാധിക്കും. നഖങ്ങൾ നോക്കി ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം…
മങ്ങിയതും വെളുത്തതുമായ നഖങ്ങള് ഹീമോഗ്ലോബിന് കുറവിനെ തുടര്ന്നുണ്ടാകുന്ന വിളര്ച്ചയുടെ സൂചന നല്കുന്നു. ചുവന്ന രക്ത കോശങ്ങളുടെ അഭാവം മൂലം ഓക്സിജന് ആവശ്യത്തിന് നഖത്തില് എത്താത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പോഷണമില്ലായ്മ, കരള് രോഗം, ഹൃദയ സ്തംഭനം എന്നിവയുടെ സൂചനയായും നഖത്തിന്റെ മങ്ങലിനെ കണക്കാക്കാം.
ഫംഗല് അണുബാധകളുടെ ലക്ഷണമാണ് മഞ്ഞ നിറത്തിലുള്ള നഖം. അണുബാധ വര്ധിക്കുന്നതോടെ നഖങ്ങള് കട്ടിയാകാനും പൊടിയാനും ഉള്ളിലേക്ക് വലിയാനും തുടങ്ങും. തൈറോയ്ഡ് രോഗം, പ്രമേഹം, ശ്വാസകോശ രോഗം, സോറിയാസിസ് എന്നിവ മൂലവും മഞ്ഞ നഖങ്ങള് പ്രത്യക്ഷമാകാറുണ്ട്.
നീല, പര്പ്പിള് നിറത്തിലെ നഖങ്ങള് ശരീരത്തിന് ആവശ്യത്തിന് ഓക്സിജന് ലഭിക്കുന്നില്ലെന്ന മുന്നറിയിപ്പ് നല്കുന്നു. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്മനറി രോഗം, രക്തചംക്രമണത്തെ ബാധിക്കുന്ന ഹൃദ്രോഗം എന്നിവയും നീല നഖത്തിന് പിന്നിലുണ്ടാകാം. തണുത്ത കാലാവസ്ഥയോടുള്ള പ്രതികരണമായി താത്ക്കാലികമായി നീല നഖം ചിലരില് വരാറുണ്ട്.
ഒരു സ്പൂണ് പോലെ മുകളിലേക്ക് വളയുന്ന നഖം ഒന്നുകില് അയണ് അഭാവത്തെ തുടര്ന്നുള്ള വിളര്ച്ചയെയോ അമിതമായ അയണ് ആഗീരണത്തെ തുടര്ന്നുള്ള ഹെമോക്രോമറ്റോസിസിനെയോ കുറിക്കുന്നു. ഹൈപോതൈറോയ്ഡിസം, ഹൃദ്രോഗം എന്നിവയും ഈയവസ്ഥ ഉണ്ടാക്കാം.
ഒരു സ്പൂണ് കമഴ്ത്തി വച്ച രൂപത്തില് നഖങ്ങള്ക്ക് വീതി കൂടി വീര്ത്തിരിക്കുന്ന സാഹചര്യമാണ് ക്ലബിങ്. ശ്വാസകോശ അര്ബുദം, പള്മനറി ഫൈബ്രോസിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ഹൃദ്രോഗം എന്നിവയുടെ സൂചനയാണ് നെയില് ക്ലബിങ്.
നഖത്തിന് മുകളില് ചെറു കുഴികള് പ്രത്യക്ഷമാകുന്ന അവസ്ഥയാണ് പിറ്റിങ്. ചര്മ്മ രോഗങ്ങളായ സോറിയാസിസ്, എക്സിമ, മുടികൊഴിച്ചിലിന് കാരണമാകാറുള്ള ഓട്ടോ ഇമ്മ്യൂണ് രോഗമായ അലോപേഷ്യ അറിയേറ്റ, റിയാക്ടീവ് ആര്ത്രൈറ്റിസ് എന്നിവ മൂലം ഇത്തരം കുഴികള് രൂപപ്പെടാം.
നഖത്തിന്റെ ക്യൂട്ടിക്കിള് മുതല് അഗ്രം വരെ വരുന്ന നീളത്തിലുള്ള വരമ്പുകള് പ്രായമാകുമ്പോള് സാധാരണ പ്രത്യക്ഷപ്പെടുന്നതാണ്. എന്നാല് ഇതിനൊപ്പം നഖത്തിന്റെ നിറത്തിലും തരത്തിലും മാറ്റം വന്നാല് അത് അയണ്, വൈറ്റമിന് ബി12 എന്നിവയുടെ അഭാവത്തെ കുറിക്കുന്നു. ഇന്ഫ്ളമേറ്ററി ആര്ത്രൈറ്റിസ്, ലിച്ചന് പ്ലാനസ് എന്ന ചര്മ്മ രോഗം എന്നിവയുടെയും ലക്ഷണമാണ് നീളത്തിലുള്ള വരമ്പുകള്.
നഖത്തില് തിരശ്ചീനമായി വരുന്ന വരകളാണ് ബൂസ് ലൈന്സ്. ഏതെങ്കിലും അസുഖം മൂലം നഖ വളര്ച്ചയില് ഉണ്ടാകുന്ന തടസ്സത്തെ ഈ വരകള് സൂചിപ്പിക്കുന്നു. ന്യൂമോണിയ, ഉയര്ന്ന പനി, അനിയന്ത്രിതമായ പ്രമേഹം എന്നിവയുടെ ലക്ഷണമായും ബൂസ് ലൈന്സ് പ്രത്യക്ഷപ്പെടാറുണ്ട്. കീമോതെറാപ്പി കഴിഞ്ഞവര്ക്കും ഇത്തരം വരകള് നഖത്തില് വരാം.
content highlight: nail problems