കോഴിക്കോട് കോട്ടക്കടവിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ ടിഎംഎച്ച് ആശുപത്രി അധികൃതരെയും പ്രതിചേർക്കും. അബു അബ്രഹാം ലൂക്ക് നാലര വർഷമാണ് കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോഗികളെ ചികിത്സിച്ചത്. ഇതുവരെയും ഈ വ്യാജനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുവിൽ ഒരാളുടെ ജീവൻ ബലി നൽകേണ്ടിവന്നു സംഭവം പുറത്തറിയാൻ. വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പണി നൽകിയ ആശുപത്രിക്കും പണി വരുന്നത്.
ഫറോക്ക് എസിപിയുടെ നേതൃത്വത്തിൽ ഫറൂഖ് പൊലീസ് ഇന്നലെ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പ്രതിയായ അബു അബ്രഹാം ലൂക്ക് നൽകിയ മുഴുവൻ രേഖകളും പൊലീസ് പിടിച്ചെടുത്തു. നിയമനത്തിൽ ആശുപത്രിക്ക് വീഴ്ച വന്നെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ ആശുപത്രി അധികൃതരെയും കേസിൽ പ്രതി ചേർക്കും. ആരോഗ്യവകുപ്പിന്റെ നടപടിയും ആശുപത്രിക്കെതിരെയും വ്യാജ ഡോക്ടർക്കെതിരെയും ഉണ്ടാകും.