മലബാര്‍ ഗ്രൂപ് 21,000 പെണ്‍കുട്ടികള്‍ക്ക് 16 കോടിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ് പ്രഖ്യാപിച്ചു. കമ്പനിയുടെ സി.എസ്.ആര് പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന സ്കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനം മുംബൈ ബി.കെ.സിയിലെ ഭാരത് ഡയമണ്ട് ബോഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, മഹേന്ദ്ര ബ്രദേഴ്സ് ഡയറക്ടര്‍ ഷൗനക് പരീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി സമൂഹത്തിന് അർഥപൂര്‍ണമായ സംഭാവനകള്‍ നല്കാൻ അവരെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. 2007 മുതലാണ് പെണ്‍കുട്ടികള്‍ക്കായി ദേശീയ സ്കോളര്‍ഷിപ് പദ്ധതി ആരംഭിച്ചത്.