ആഭ്യന്തര തൊഴിൽ വിപണിയിലേക്ക് സ്വദേശി പൗരർക്ക് പ്രവേശിക്കാൻ പ്രത്യേക തൊഴിലുകളും നയങ്ങളും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്വദേശിവത്കരണത്തിനായുള്ള അണ്ടർ സെക്രട്ടറി മജീദ് അൽദഹ്വി പറഞ്ഞു. രാജ്യത്തെ തൊഴിൽ വിപണി നല്ല ഫലങ്ങളും തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ കുറവുമാണ് കാണിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനസംഖ്യയുടെ 3.3 ശതമാനമായി കുറഞ്ഞു. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ.ഒ) കണക്കുകൾ പ്രകാരം ഇത് ജി20 രാജ്യങ്ങൾക്കിടയിൽ അഞ്ചാം റാങ്കിലേക്ക് ഉയർത്താൻ സഹായിച്ചതായും അൽദഹ്വി പറഞ്ഞു.
സൗദികൾക്കിടയിലെ തൊഴിലില്ലായ്മ കണക്കുകൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 7.1ൽ എത്തിയതായും അൽ അറബിയ ബിസിനസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൽദഹ്വി പറഞ്ഞു. ഇത് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളോട് വളരെ അടുത്താണ്.