എമിറേറ്റിലുടനീളമുള്ള പ്രധാന വിദ്യാഭ്യാസ മേഖലകളിൽ എട്ടിടത്ത് ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 37 സ്കൂളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ സ്കൂളുകളിലേക്കുള്ള യാത്രാസമയം 15 മുതൽ 20 ശതമാനം വരെ കുറയുമെന്ന് ആർ.ടി.എ അറിയിച്ചു. സ്കൂൾ അധ്യാപകർ, ബസ് ഡ്രൈവർമാർ, വിദ്യാർഥികളുടെ കുടുംബങ്ങൾ തുടങ്ങിയ റോഡ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാകുന്ന രീതിയിലാണ് നവീകരണ പ്രവൃത്തികളുടെ രൂപകൽപന.
ഉമ്മുസുഖൈം സ്ട്രീറ്റിലെ ദുബൈ കിങ്സ് സ്കൂൾ, ഹെസ്സ സ്ട്രീറ്റിലെ ദി ഇന്റർനാഷനൽ സ്കൂൾ ഓഫ് ചൗഫിയത്ത്, ദുബൈ കോളജ്, അൽ വർഖ 4ൽ പ്രവർത്തിക്കുന്ന അൽ സഫ സ്കൂൾ കോംപ്ലക്സ്, സ്കൂൾ ഓഫ് റിസർച് സയൻസസ്, അൽ ഖിസൈസ് സ്കൂൾ കോംപ്ലക്സ്, അൽ മിഷാർ സ്കൂൾ കോംപ്ലക്സ്, നാദൽ ശിബ സ്കൂൾ കോംപ്ലക്സ്, അൽ തവാർ സ്കൂൾ കോംപ്ലക്സ് 2 എന്നിവ ഉൾപ്പെടെ പ്രധാന സ്കൂൾ മേഖലകളിലാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.