മലപ്പുറം ജില്ലയെയും അവിടെത്തെ ജനങ്ങളെയും അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു പത്രത്തിലെ അഭിമുഖം ആസൂത്രിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കുന്ന സ്വര്‍ണ്ണവും ഹവാലപ്പണവും മലപ്പുറം ജില്ലയിലുള്ളവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നുയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി.ആര്‍.ഏജന്‍സിയെ ഉപയോഗിച്ച് അസത്യവും വിശ്വസിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം വിവാദമായപ്പോള്‍ അപ്പോള്‍ തന്നെ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്ന് തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി അഭിമുഖത്തിനായി ദി ഹിന്ദു പത്രം തിരഞ്ഞെടുത്തതിലും ദൂരൂഹതയുണ്ട്. കാലങ്ങളായി ബിജെപി ഉന്നയിക്കുന്ന വര്‍ഗീയ നിലപാട് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ മുഖ്യമന്ത്രി പി.ആര്‍.ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ നീക്കമാണ് ദി ഹിന്ദു പത്രത്തിലെ അഭിമുഖമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. രാഷ്ട്രീയ ദൗത്യം മേറ്റെടുത്ത് മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച നിഷേധിക്കാന്‍ കഴിയാത്തിനാലാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ യുഡിഎഫ് തൃപ്തരല്ല.നാടിന്റെ സമാധാനം തകര്‍ത്ത് കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള യുഡിഎഫിന്റെ അന്തിമ സമരത്തിന് ഒക്ടോബര്‍ 8ലെ പ്രതിഷേധ പരിപാടികളോടെ തുടക്കമാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.