കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പോലും മനാഫ് പറഞ്ഞു. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്നതടക്കമുള്ള അസംബന്ധങ്ങള്‍ മനാഫ് മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അർജുന്റെ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഹോദരീഭർത്താവ് ജിതിനാണ് കൂടുതലും സംസാരിച്ചത്.
മനാഫിനെതിരേ പരാതി എഴുതിത്തന്നാല്‍ നടപടിയെടുക്കാമെന്ന് കര്‍വാര്‍ എം.എല്‍.എ.യും എസ്.പി.യും പറഞ്ഞിരുന്നതായി ജിതിന്‍ പറഞ്ഞു. അര്‍ജുനെ കിട്ടുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ച് മനാഫിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി നിരന്തരമായി മനോവീര്യം കെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടെന്നും ജിതിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘അര്‍ജുനുവേണ്ടിയുള്ള മൂന്നാംഘട്ട തിരച്ചിലില്‍ കര്‍ണാടകയിലെ സംവിധാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടത്. അതിനാല്‍ അവിടത്തെ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുക എന്നതല്ലാതെ മുന്നില്‍ മറ്റൊരു ഒപ്ഷനുണ്ടായിരുന്നില്ല. അവരോടൊപ്പം അര്‍ജുന്റെ കുടുംബം യോജിച്ചുനിന്നു. അര്‍ജുന്റെ ലോറി കിടക്കുന്ന ഇടം അവര്‍ അറിയിച്ചിരുന്നു. അത് പക്ഷേ, മാധ്യമങ്ങളോട് പറയരുതെന്ന് അവര്‍ വിലക്കുകയും ചെയ്തു’- ജിതിന്‍ വിശദീകരിച്ചു.
ആ സമയത്താണ് മനാഫ് ഉള്‍പ്പെടെയുള്ള ആക്ഷന്‍ കമ്മിറ്റിക്കാര്‍ ഒരുകോടി രൂപയുടെ ഈ ഡ്രെജ്ജർ കൊണ്ട് കാര്യമില്ലെന്നും മറ്റൊരു ഡ്രെജ്ജർ കൊണ്ടുവരണമെന്നും പറഞ്ഞ് രംഗത്തെത്തിയത്. എം.കെ. രാഘവന്‍ എം.പി. ഉള്‍പ്പെടെ ഇടപെട്ട് പ്രതികൂല കാലാവസ്ഥയെല്ലാം തരണം ചെയ്താണ് ഡ്രെജ്ജർ അവിടെയെത്തിച്ചത്. അതിനാല്‍ ആക്ഷന്‍ കമ്മിറ്റി പറയുന്നത് ഉള്‍ക്കൊള്ളാനായിരുന്നില്ല. അതിനെ തകര്‍ക്കാനാണ് മനാഫും സംഘവും ശ്രമിച്ചത്.
‘നിങ്ങള്‍ മനാഫിനെതിരേ ഒരു പരാതി എഴുതിത്തരൂ.. അദ്ദേഹം ഇതിനെയെല്ലാം വഴിതിരിച്ചുവിടുന്നുണ്ട്’ എന്നായിരുന്നു ഡ്രെജ്ജർ വന്ന അന്ന് കര്‍വാറിലെ എസ്.പി.യും എം.എല്‍.എ.യും പറഞ്ഞത്. അഞ്ചുമിനിറ്റുകൊണ്ട് മനാഫിനെ ഇവിടെനിന്ന് തുരത്താം എന്നും അവര്‍ പറഞ്ഞു. പക്ഷേ, ആ ഘട്ടത്തില്‍ ഞങ്ങള്‍ അത് ചെയ്തില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും ഞങ്ങള്‍ അങ്ങനെ ഒരു കാര്യം ഒരിക്കലും ചെയ്യില്ലെന്നും ജിതിന്‍ പറഞ്ഞു.
‘അര്‍ജുന്റെ പേരില്‍ മനാഫിന് നിരവധി ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. അര്‍ജുന്റെ ഫണ്ട് തങ്ങളെടുത്തെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. അര്‍ജുന് വേണ്ടി പിരിക്കുന്ന പണമെല്ലാം കിട്ടേണ്ട വേറെ അര്‍ഹരുണ്ട്. അത് അവര്‍ക്ക് കിട്ടട്ടെ. മാധ്യമശ്രദ്ധയ്ക്കുവേണ്ടി പണം തന്ന് അത് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്ത സംഭവങ്ങളുണ്ട്.
പക്ഷാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അര്‍ജുന്റെ അമ്മയുമായി നിരന്തരം ബന്ധപ്പെട്ടും മനാഫും മാല്‍പെയും വൈകാരികത ചൂഷണം ചെയ്തു. ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍വെച്ച് നാടകപരമ്പര തന്നെ നടത്തി. അത് അവിടെയുള്ള മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. ആദ്യത്തെ രണ്ട് ദിവസവും ഡ്രഡ്ജറിന്റെ പ്രവര്‍ത്തനങ്ങള്‍ മാല്‍പെയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. അതിനാല്‍ ആ രണ്ട് ദിവസവും നമുക്ക് നഷ്ടമായി. അക്കാര്യം അവിടത്തെ എസ്.പിക്കും എം.എല്‍.എയ്ക്കും മനസ്സിലായി. അവര്‍ അത് ഞങ്ങളുമായി ചര്‍ച്ചചെയ്തു.
ഇവിടെയൊരു ഔദ്യോഗിക സംവിധാനമുണ്ട്. അവിടെനിന്ന് ആദ്യം എന്ത് ലഭിച്ചാലും അത് വെളിപ്പെടുത്തേണ്ടത് പോലീസ് സംവിധാനമാണെന്നാണ് അവിടത്തെ എസ്.പി. പറഞ്ഞത്. എന്നാല്‍, ഇവര്‍ അവിടെനിന്നുള്ള വീഡിയോകള്‍ നിരന്തരമായി യുട്യൂബ് ചാനലിലിടുന്നുണ്ട്. മനാഫിന് യുട്യൂബ് ചാനലുണ്ട്. അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.