ബെംഗളൂരു: ഷിരൂരില്‍ അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് കാർവാർ എസ്‌പി എം നാരായണ. മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് എസ്പി കുറ്റപ്പെടുത്തി. മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും എസ്‌പി എം നാരായണ വ്യക്തമാക്കി.
മനാഫിന്റെ ഇടപെടല്‍ ഉചിതമായ രീതിയിലായിരുന്നില്ലെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയിലും പ്രതികരിച്ചു. മനാഫ് കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കേസെടുത്ത കാര്യം ഉത്തര കന്നഡ എസ്പി വെളിപ്പെടുത്തിയത്.
പല ഫണ്ടുകളും മനാഫിന് ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം നല്‍കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നതെന്നും പലരും അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കുന്നതായി അറിഞ്ഞിട്ടുണ്ടെന്നും അര്‍ജുന്റെ കുടുംബം പത്രസമ്മേളനത്തില്‍ പറഞ്ഞു.